പാലക്കാട്: പ്രളയ പശ്ചാത്തലത്തിൽ ആർഭാടങ്ങളും ആഘോഷങ്ങളുമില്ലാതെ ജില്ലാ കലോത്സവത്തിന് അരങ്ങുണർന്നു. ഉദ്ഘാടന- സമാപന ചടങ്ങുകളും വിളംബര ഘോഷയാത്രയും ഒഴിവാക്കിയ കൗമാര കലാമാമാങ്കത്തിന് സംഘാടക സമിതി ജനറൽ കൺവീനർ കൂടിയായ വിദ്യാഭ്യാസ ഉപഡയറക്ടർ പി.യു.പ്രസന്നകുമാരി പ്രധാന വേദിയായ മോയൻ ഗേൾസ് എച്ച്.എസ്.എസിൽ പതാക ഉയർത്തി.
പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അബ്ദുൽ ഷുക്കൂർ, കൺവീനർ എം.ആർ.മഹേഷ്‌കുമാർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.കെ.ജയശ്രീ, സംഘാടക സമിതി ഭാരവാഹികളായ എം.എ.അരുൺകുമാർ, ഹമീദ് കൊമ്പത്ത്, കരീം പടുകുണ്ടിൽ, എം.കെ.നൗഷാദലി, പി.തങ്കപ്പൻ, കെ.ഭാസ്കരൻ, സിദ്ദീഖ് പാറോക്കോട്, ടി.ഷൗക്കത്തലി, എ.ജെ.ശ്രീനി, പി.എസ്.ജവഹർ, എസ്.ദാസൻ സംബന്ധിച്ചു.
ആകെ 20 വേദികളിലായി രണ്ടു ദിവസം നീണ്ടുനിൽക്കുന്ന കലോത്സത്തിൽ അപ്പീലുകൾ ഉൾപ്പെടെ ആറായിരത്തോളം പ്രതിഭകൾ മാറ്റുരയ്ക്കുന്നുണ്ട്. ഔദ്യോഗിക ഉദ്ഘാടനത്തിന് ശേഷം മണിക്കൂറുകൾ കഴിഞ്ഞാണ് വേദികളുണർന്നത്. ആദ്യദിനം ഭരതനാട്യം, മോഹിനിയാട്ടം, നാടൻപാട്ട്, സംഘഗാനം, നാടകം, കോൽക്കളി, ദഫ് മുട്ട് എന്നിവ വേദിയിലെത്തി.
ഹരിതചട്ടം പൂർണമായും പാലിച്ചാണ് മേള നടത്തിപ്പ്. രാവിലെ മുതൽ പൊള്ളുന്ന വെയിലിനെ വകവയ്ക്കാതെ പ്രധാന വേദിയിൽ കലാമേളയ്ക്ക് സാക്ഷിയാകാൻ ആയിരങ്ങൾ ഒഴുകിയെത്തി.