drama
'കുടേലി ഗ്രാമത്തിലെ പെണ്ണ്' എന്ന് നാടകം വേദിയിൽ

പാലക്കാട്: സമകാലിക കേരളം ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന ശബരിമല വിഷയവും ഭക്തിയുടെ പേരിലുള്ള രാഷ്ട്രീയ മുതലെടുപ്പും കറുപ്പിന്റെ രാഷ്ട്രീയവും പറഞ്ഞ 'കുടേലി ഗ്രാമത്തിലെ പെണ്ണ്" നാടക വേദിയിൽ വേറിട്ട അനുഭവമായി.

എച്ച്.എസ്.എസ് വിഭാഗം നാടക മത്സരത്തിലാണ് എസ്.എം.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ ദളിത് രാഷ്ട്രീയം പറഞ്ഞ് പ്രേക്ഷക പ്രശംസ നേടിയത്.

കുടേലിയിലെ ഒരു സ്ത്രീ തങ്ങളുടെ കറുപ്പനെയും കണ്ടാകർണനെയും ചാത്തനെയും ആരാധിക്കുന്നതാണ് നാടകത്തിന്റെ തുടക്കം. പിന്നീട് ആ ദൈവങ്ങളെ സവർണ ഹൈന്ദവർ തങ്ങളുടേതാക്കുകയും പേരുമാറ്റി വലിയ ക്ഷേത്രം പണിയാനുള്ള ശ്രമം നടത്തുന്നു. പക്ഷേ,​ തന്റെ കുലത്തെ കുറിച്ചും അമ്മയെ കുറിച്ചുമുള്ള തിരിച്ചറിവിൽ ആ നീക്കത്തെ ദളിത് സമൂഹത്തിന്റെ പ്രതിനിധിയായ കുടേലിയിലെ പെണ്ണ് ചെറുത്ത് തോല്പിക്കുന്നിടത്ത് നാടകം അവസാനിക്കുന്നു.

സ്കൂൾ ഓഫ് ഡ്രാമയിൽ പി.ജി ചെയ്യുന്ന സുമേഷ് അയിലൂരാണ് സംവിധായകൻ. പ്രധാന കഥാപാത്രം ഉൾപ്പെടെ ഏഴുപേർ അരങ്ങിലെത്തി. ഓരോരുത്തരും അവരവരുടെ റോളുകൾ ഭംഗിയാക്കിയപ്പോൾ കുടേലി ഗ്രാമത്തിലെ സ്ത്രീയെ സദസ് ഇരുകൈയും നീട്ടി സ്വീകരിച്ചു.

കേരള ചരിത്രത്തിൽ ദളിതരുടെ ദൈവങ്ങളെയെല്ലാം സവർണ ഹൈന്ദവർ ഹൈജാക്ക് ചെയ്യുകയാണുണ്ടായത്. പിന്നീട് അവർക്കവിടെ തീണ്ടലേർപ്പെടുത്തി. ഭക്തിയെ രാഷ്ട്രീയവത്കരിച്ച് ഒരു ജനതയെ കോമാളിയാക്കി തെരുവിലേക്കിറക്കുന്നവരെ പ്രത്യക്ഷത്തിൽ തന്നെ രൂക്ഷമായി വിമർശിക്കുന്നുണ്ട്. കുടേലിപെണ്ണിന്റെ മകന് കാക്കി ട്രൗസറും താമര പൂവും കൊടുക്കുന്ന രംഗം അതിനുദാഹരണം. സ്ത്രീക്ക് ഈ ലോകത്ത് ഒരിടത്തും തീണ്ടലില്ലെന്ന് ഉറക്കെ വിളിച്ചു പറയുന്നുണ്ട് കുടേലി ഗ്രാമത്തിലെ സ്ത്രീ.