abin
മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട അബിൻ ബാബു

പാലക്കാട്: മടിയനായ മുസ്തഫയെ തേടിയെത്തിയത് മികച്ച നടനുള്ള പുരസ്കാരം. ഹൈസ്കൂൾ വിഭാഗം നാടകത്തിൽ വട്ടനാട് ജി.വി.എച്ച്.എസ്.എസ് അവതരിപ്പിച്ച 'മീൻകുട്ടയിലെ സുബർഗ'ത്തിലെ മുസ്തഫയെ ഗംഭീരമാക്കിയ അബിൻ ബാബുവിനാണ് ഇത്തവണത്തെ മികച്ച നടനുള്ള പുരസ്കാരം.

മൂന്നുമാസം മുമ്പ് പ്രളയത്തിൽ വീട് നഷ്ടപ്പെട്ട അബിൻ ഇപ്പോൾ വാടക വീട്ടിലാണ് താമസം. അച്ഛനും അമ്മയും രണ്ട് ഏട്ടന്മാരും അടങ്ങുന്നതാണ് കുടുംബം. കൂലിപ്പണിക്കാരനായ അച്ഛൻ ബാബുവിന്റെ വരുമാനത്തിലാണ് കുടുംബം മുന്നോട്ടുപോകുന്നത്. പരാധീനതകളെ അതിജീവിക്കുന്ന കരുത്തോടെയാണ് വേദിയിലും അബിൻ നിറഞ്ഞാടിയത്. മടിയൻ മുസ്തഫ എന്ന കഥാപാത്രം കഥാന്ത്യത്തിൽ മടി മാറി മിടുക്കനാവുന്നതാണ് നാടകത്തിന്റെ പ്രമേയം. ഇതിൽ അബിൻ തന്റെ കഥാപാത്രത്തെ അതിവൈകാരികതയില്ലാതെ അനശ്വരമാക്കിന്ന് വിധികർത്താക്കൾ.

വട്ടനാട് ജി.വി.എച്ച്.എസ്.എസിലെ പത്താംതരം വിദ്യാർത്ഥിയായ അബിൻ കിളിക്കൂട്ടം എന്ന നാടകസംഘാംഗമാണ്. മറോഡണയെന്ന നാടകം അരങ്ങിലെത്തിച്ച് കഴിഞ്ഞ തവണ കലോത്സവത്തിൽ ഇതേ സംഘം എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റിയിരുന്നു. സംസ്ഥാന തലത്തിലും ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ചതും മറഡോണയ്ക്കായിരുന്നു.

കലോത്സവം കഴിഞ്ഞാൽ നാടകത്തോട് വിട പറയുന്നവരല്ല കിളിക്കൂട്ടം. അവർ കേരളത്തിനകത്തും പുറത്തും നാടകം കളിക്കും. മറഡോണ ഇതുവരെ 61 വേദികളിൽ കളിച്ചു. ഇങ്ങനെ സ്വരൂപിച്ച തുക അബിന്റെ വീട് നിർമ്മാണത്തിനായി മാറ്റി വച്ചിരിക്കുകയാണ്. അരുൺലാലാണ് ഇവരുടെ പരിശീലകൻ.

അബിൻ ബാബു