tap

റാന്നി : അങ്ങാടി, വെച്ചൂച്ചിറ കുടിവെള്ള വിതരണ പദ്ധതികളുടെ തകർന്ന പഴയ ആസ്ബസ്‌റ്റോസ് പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നതിനായി 7.145 കോടി രൂപ അനുവദിച്ചതായി രാജു ഏബ്രഹാം എം.എൽ.എ അറിയിച്ചു. വർഷങ്ങൾക്കു മുമ്പ് സ്ഥാപിച്ച പൈപ്പ് നിരന്തരം പൊട്ടുന്നത് സംബന്ധിച്ച് വ്യാപകമായ പരാതിയാണ് നാട്ടുകാർക്കുള്ളത്. എം.എൽ.എ ഇക്കാര്യം ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസിന്റെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് ഫണ്ട് അനുവദിച്ചത്.
വെച്ചൂച്ചിറ പഞ്ചായത്തിലെ നവോദയ പ്ലാന്റ് മുതൽ കൂത്താട്ടുകുളം - വെച്ചൂച്ചിറ ടൗൺ വരെയും കൂത്താട്ടുകുളം - വാകമുക്ക് - കുംഭിത്തോട് വരെയുമുള്ള പൈപ്പുകളാണ് മാറുന്നത്. ഇതിനുമാത്രമായി 3.172 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. 250 എം.എം ഇരുമ്പ് (തുരുമ്പിക്കാത്തത്) പൈപ്പുകളാണ് ഉപയോഗിക്കുന്നത്.
അങ്ങാടി പഞ്ചായത്തിലെ മേനാതോട്ടം, ചെട്ടിമുക്ക്, കരിങ്കുറ്റി, എബനേസർ, വളകൊടികാവ്, നെല്ലിക്കമൺ പ്രദേശങ്ങളിലെ വിവിധ എ.സി പൈപ്പ് ലൈനുകളാണ് മാറ്റി പുതിയ പി വി സി, കാസ്റ്റ് അയൺ പൈപ്പുകൾ സ്ഥാപിക്കുന്നത്. 14 കിലോമീറ്ററോളം ദൂരത്തിലാണ് പൈപ്പിടുന്നത്. 3.97 കോടി രൂയാണ് ഇതിനായി വകയിരുത്തിയിട്ടുളളത്.