അടൂർ : റോഡ് കുഴിക്കുന്നതുവഴിയുണ്ടാകുന്ന നഷ്ടം നികത്തുന്നതിനായി പൊതുമരാമത്തിന് നൽകേണ്ട തുക മാസങ്ങൾ നീണ്ടുനിന്ന അനിശ്ചിതത്വത്തിനും തർക്കങ്ങൾക്കും വിരാമമിട്ട് വാട്ടർ അതോററ്റി അടച്ചു. അടൂർ ശുദ്ധജല വിതരണ പദ്ധതിയുടെ ഏഴംകുളം മുതൽ അടൂർ ഹൈസ്കൂൾ ജംഗ്ഷൻ വരെയുള്ള ഭാഗത്ത് നിലവിലുള്ള ആസ്ബസ്റ്റോസ് പൈപ്പിന് പകരം ഡി. ഐ പൈപ്പ് സ്ഥാപിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗത്തിന് 5.22 കോടി രൂപയാണ് ഇന്നലെ കൈമാറിയത്. പണം കൈമാറിയതോടെ നിർമാണത്തിന് റോഡ്സ് വിഭാഗത്തിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് പൈപ്പ് മാറ്റിയിടൽ ജോലികൾ ഉടൻ ആരംഭിക്കുന്നതിനുള്ള തയാറെടുപ്പിലാണ് വാട്ടർ അതോററ്റി. ഇതിനുള്ള കരാർ നൽകുകയും പൈപ്പുകൾ കൊണ്ടിറക്കുകയും ചെയ്തിട്ട് രണ്ട് വർഷത്തോളമായെങ്കിലും പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കി സമർപ്പിച്ച എസ്റ്റിമേറ്റ് തുക അടയ്ക്കാൻ വൈകിയതുകാരണമാണ് പൈപ്പ്മാറ്റിയിടൽ അനിശ്ചിതമായി നീണ്ടത്. ഇത് കാരണം തകർന്ന് തരിപ്പണമായി കിടക്കുന്ന അടൂർ - മരുതിമൂട് റോഡിന്റെ പുനരുദ്ധാരണ ജോലികളും തുടങ്ങാനായില്ല. അടിക്കടിയുണ്ടാകുന്ന പൈപ്പ്പൊട്ടൽ അടൂർ - പത്തനാപുരം സംസ്ഥാന പാതയുടെ തകർച്ചയ്ക്ക് പ്രധാന കാരണമായി. ഗുണനിലവാരമില്ലാത്ത പൈപ്പായിരുന്നു പ്രധാന വില്ലൻ. ഒരു ഡസനിലധികം ഇടങ്ങൾ കഴിഞ്ഞ ആറ് മാസത്തിനിടയിൽ പൈപ്പ്പൊട്ടി തകർന്നു. ഇതിന് പരിഹാരമായാണ് ഉന്നത നിലവാരത്തിലുള്ള ഡക്റ്റൈൽ അയൺ പൈപ്പുകൾ മാറ്റിയിടുന്നതിന് പദ്ധതിയിട്ട് കരാർ നൽകിയത്. എന്നാൽ പണം അടയ്ക്കാതെ റോഡ് കുഴിക്കാൻ അനുമതി നൽകില്ലെന്ന ഉറച്ചനിലപാട് പൊതുമരാമത്ത് വകുപ്പ് സ്വീകരിച്ചതോടെയാണ് പൈപ്പ്മാറ്റിയിടൽ ജോലി സമയബന്ധിതമായി പൂർത്തീകരിക്കാൻ കഴിയാഞ്ഞത്. നിർമ്മാണം ഉടൻ ആരംഭിച്ചാലും കുറഞ്ഞത് മൂന്ന് മാസമെങ്കിലും വേണ്ടിവരുമെന്നാണ് വിലയിരുത്തൽ.
കരാർ നൽകിയിട്ട് ഒരു മാസം
ഒൻപത്കോടി രൂപ ചെലവഴിച്ച് അടൂർ - മരുതിമൂട് ഭാഗം ഉന്നതനിലവാരത്തിൽ ടാർചെയ്യാൻ പൊതുമരാമത്ത് കരാർനൽകിയിട്ട് ഒരുമാസം. കരാറുകാരൻ ആവശ്യമായ സാധനങ്ങളും ഇറക്കി കാത്തുകഴിയുകയാണ്. 15 ന് മുൻപ് റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാണ് വകുപ്പ് മന്ത്രിയുടെ നിർദ്ദേശം. പൈപ്പ്മാറ്റിയിടലിന് ഇനിയും മാസങ്ങൾ വേണ്ടിവരുമെന്നതിനാൽ റോഡ് നിർമ്മാണം എങ്ങനെയും പൂർത്തീകരിക്കുകയാണ് പൊതുമരാമത്തിന്റേയും ലക്ഷ്യം.