പത്തനംതിട്ട : നഗരസഭ സ്റ്റേഡിയം വികസനത്തിന് ധാരണാപത്രം ഒപ്പിടുന്നതിനെ ചൊല്ലി നഗരസഭയിൽ ബഹളം. ധാരണാപത്രത്തിൽ മാറ്റം വരുത്തിയാൽ ഒപ്പിടാമെന്ന ചെയർപേഴ്‌സെൺറ നിലപാടിൽ പ്രതിഷേധിച്ച് എൽ. ഡി. എഫ് അംഗങ്ങൾ മുദ്രാവാക്യം വിളികളുമായി കൗൺസിൽ ബഹിഷ്‌ക്കരിച്ചു. ഈസമയം നഗരസഭയിലേക്ക് പ്രതിഷേധ മുദ്രാവാക്യം വിളികളുമായി എത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകർ നഗരസഭാ കവാടം ഉപരോധിച്ചു. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് ഇവിടെ പൊലീസിനെയും നിയോഗിച്ചിരുന്നു. ഒരു ഭേദഗതികളും ഉണ്ടാകില്ലെന്നും ഇതിനായി ഇനി ചർച്ചകൾ നടത്തി സമയം കളയേണ്ടതില്ലെന്ന നിലപാടിലായിരുന്നു കൗൺസിൽ യോഗത്തിൽ എൽ.എഡി.എഫ്. പദ്ധതി അട്ടിമറിച്ചാൽ വൻ പ്രക്ഷോഭത്തെ നേരിടേണ്ടി വരുമെന്ന് എൽ.ഡി.എഫ് അംഗങ്ങൾ പറഞ്ഞു. സ്റ്റേഡിയം വികസനം നടപ്പാക്കിയില്ലെങ്കിൽ നഗരസഭയുടെ പദ്ധതികൾ ഒന്നും നടപ്പാക്കാൻ അനുവദിക്കില്ല. ബാഹ്യശക്തികളുടെ സമ്മർദ്ദത്തിന് ഭരണകക്ഷി വഴങ്ങുകയാണെന്നും അവർ പറഞ്ഞു. എന്നാൽ ഭീഷണികൾ ഒന്നും വേണ്ടന്ന് ചെയർപേഴ്‌സൺ ഗീതാസുരേഷ് അഭിപ്രായപ്പെട്ടു. സ്റ്റേഡിയം വികസനം അത്യാവശ്യമാണ്. എന്നാൽ ഇപ്പോഴത്തെ ധാരണാപത്രത്തിൽ മാറ്റങ്ങൾ വരുത്തിയാൽ ഒപ്പിടാൻ തയാറാണെന്നും ചെയർപേഴ്‌സൺ പറഞ്ഞു. ധാരണാപത്രത്തിൽ ഭേദഗതികൾ വരുത്താമെന്ന് വീണാജോർജ് എം.എൽ.എ സമ്മതിച്ചതാണെന്നും 50 കോടിയുടെ പദ്ധതി നഷ്ടമാകാതിരിക്കാൻ ചെയർപേഴ്‌സന്റെ നേതൃത്വത്തിൽ ഏഴ്അംഗ സബ് കമ്മിറ്റി രൂപികരിച്ച് ചർച്ച നടത്തി തീരുമാനത്തിലെത്തണമെന്നും ഭരണകക്ഷിയിലെ പി.കെ ജേക്കബ് പറഞ്ഞു. സ്റ്റേഡിയത്തിൻ മേൽ നഗരസഭയുടെ അധികാരം നഷ്ടപ്പെടാത്ത രീതിയിൽ മാറ്റങ്ങൾ വരുത്തണമെന്ന് ഭരണകക്ഷിയിലെ റോഷൻ നായർ പറഞ്ഞു. മാറ്റങ്ങൾ വരുത്തുന്നതിനോട് പ്രതിപക്ഷത്തെ ചില അംഗങ്ങൾക്കും യോജിപ്പുണ്ട്.നഗരസഭയുടെ താൽപര്യം അനുസരിച്ച് കൂട്ടായി പോകുകയാണ് വേണ്ടതെന്നും അവർ അഭിപ്രായപ്പെട്ടു. എന്നാൽ പദ്ധതി അട്ടിമറിക്കാനാണ് ഭരണകക്ഷി ശ്രമിക്കുന്നതെന്ന് ആരോപിച്ച് എൽ.ഡി.എഫ് കൗൺസിൽ ബഹിഷ്‌ക്കരിക്കുകയായിരുന്നു.
നഗരസഭ കവാടത്തിൽ ഡി.വൈ.എഫ്.ഐ പത്തനംതിട്ട മേഖല കമ്മിറ്റി നേത്യത്വത്തിൽ നടന്ന ഉപരോധസമരം സി.പി.എം ജില്ലാ കമ്മിറ്റി അംഗം ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. അജിൻ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. കെ. അനിൽകുമാർ, പി കെ അനീഷ്,വി. മുരളീധരൻ, വി.ആർ. ജോൺസൺ, ആർ. ഹരീഷ്, അജ്മൽ കുമ്പഴ, എം.ജെ. രവി എന്നിവർ സംസാരിച്ചു.