ശബരിമല: തീർത്ഥാടനത്തിന് പുതിയ ബേസ് ക്യാമ്പാകുന്ന നിലയ്ക്കലിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നെങ്കിലും പ്രളയത്തിൽ തകർന്ന പമ്പ അതേപടിയിൽ തന്നെ. പമ്പയിലെ സ്നാനഘട്ടം ഒഴികെയുളള എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഇത്തവണ നിലയ്ക്കലിലാണ് ക്രമീകരിക്കുന്നത്. തീർത്ഥാടകരുടെ സ്വകാര്യ വാഹനങ്ങൾ നിലയ്ക്കലിൽ നിയന്ത്രിച്ച് കെ.എസ്.ആർ.ടി.സി ബസുകളിലാണ് പമ്പയിലെത്തിക്കുക. ക്യു ആർ കോഡ് ഉപയോഗിച്ചുളള കെ.എസ്.ആർ.ടി.സിയുടെ നിലയ്ക്കൽ - പമ്പ - നിലയ്ക്കൽ സർവീസിന് ഇൗ സീസണിൽ തുടക്കമാകും.
കുടിവെളളം
നിലയ്ക്കലിൽ പ്രതിദിനം 25ലക്ഷം ലിറ്റർ വെളളം ഉപയോഗിക്കാൻ പറ്റുന്ന മൂന്ന് സ്റ്റീൽ ടാങ്കുകൾ ജല അതോറിറ്റി സ്ഥാപിച്ചു. സീതത്തോടിന് സമീപം കക്കാട്ടാറിൽ നിന്ന് വെളളം ടാങ്കർ ലോറികളിലെത്തിച്ചാണ് ടാങ്കുകൾ നിറയ്ക്കുന്നത്. 215 കിയോസ്കുകൾ, 28 ആർ.ഒ പ്ളാന്റുകൾ എന്നിവ വഴി ജലവിതരണം നടത്തും. 40ലക്ഷം ലിറ്റർ ശേഷിയുളള കുടിവെളള ടാങ്ക് സ്ഥാപിച്ച് സ്ഥിരമായി ജലവിതരണം നടത്തുന്നതിനുളള പൈപ്പുകളുടെ പണി പുരോഗമിക്കുന്നു. ഇത് തീർത്ഥാടനകാലത്തിന് മുൻപ് പൂർത്തിയാവില്ല.
1000 ടോയ്ലറ്റുകൾ
പൊതുമരാമത്തിന്റെയും ദേവസ്വത്തിന്റെ വകയായി 1000 ടോയ്ലറ്റുകൾ സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയാകുന്നു. നിലവിലെ സ്ഥിരം ടോയ്ലറ്റുകളിൽ രണ്ടെണ്ണം വനിതകൾക്ക് മാത്രമായി പിങ്ക് കളറിലാക്കി.
പാർക്കിംഗ്
വാഹനങ്ങളുടെ പാർക്കിംഗിനായി 15 ഗ്രൗണ്ടുകൾ സജ്ജമാകുന്നു. റബർ മരങ്ങൾ മുറിച്ചുമാറ്റുകയാണ്. ഒരേ സമയം 20,000 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാം. സ്ഥലം പോരാതെ വന്നാൽ റബർ മരങ്ങൾക്കിടയിലും പാർക്കിംഗ് അനുവദിക്കും.
കടകൾ ലേലം കൊളളാൻ ആളില്ല
നിലയ്ക്കലിൽ കടകൾ ലേലം കാെളളാൻ ആളു കുറയുന്നു. 24 കടകൾ ലേലത്തിൽ പോയി. തിരക്കുള്ള ദിവസങ്ങളിൽ ഹോട്ടലുകളുടെ കുറവ് വെല്ലുവിളിയാകും. ദേവസ്വം ബോർഡ് അന്നദാനം തുടങ്ങിയേക്കും.
പരിതാപകരം പമ്പ
പ്രളയത്തിൽ തകർന്ന പമ്പയിൽ മലപോലെ അടിഞ്ഞ മണ്ണ് നീക്കം ചെയ്തിട്ടില്ല. ഇടിഞ്ഞുവീണ തിട്ടകളിൽ മണൽചാക്ക് അടുക്കി. കനത്ത മഴ പെയ്താൽ പമ്പ മണൽപ്പുറം വീണ്ടും മുങ്ങും. തുലാമാസ പൂജ സമയത്തെ മഴയിൽ വെളളം ഗണപതി ക്ഷേത്രത്തിന്റെ പടിക്കെട്ടിലേക്ക് കയറിയിരുന്നു. തീർത്ഥാടനകാലത്ത് മഴ പെയ്താൽ പമ്പാ സ്നാനം ബുദ്ധിമുട്ടാകും.
തകർന്നതും ബലക്ഷയം സഭവിച്ചതുമായി കെട്ടിടങ്ങൾ പൊളിച്ചു മാറ്റിയിട്ടില്ല. പ്രളയത്തിൽ ഹോട്ടലുകൾ തകർന്നിരുന്നു. ജലവിതരണം മണ്ഡലകാലത്തേക്ക് പുന:സ്ഥാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. മണ്ണ് മൂടിയ ഞുണുങ്ങാർ പാലം വീണ്ടെടുത്താൽ മാത്രമേ പമ്പയിലെ മാലിന്യ സംസ്കരണ പ്ളാന്റിലേക്കുളള വഴി തെളിയൂ. പമ്പയിൽ ബയോ ടോയ്ലറ്റുകൾ സ്ഥാപിച്ചു തുടങ്ങി.