green-house
കാടുമൂടിയ ഔഷധ സസ്യ പാർക്കും ഗ്രീൻ ഹൗസും

കലഞ്ഞൂർ : പിറക്കും മുമ്പ് വാതവും തളർച്ചയും. കലഞ്ഞൂരിലെ ഔഷധ സസ്യ പാർക്കിനെ കുറിച്ചാണ് പറയുന്നത്. നിരവധി പ്രതീക്ഷകളുമായി ആരംഭിച്ച പാർക്ക് പാതി വഴിയിൽ നിർമാണം നിലച്ച് കാടായി മാറിയിരിക്കുകയാണ്. സംസ്ഥാനത്തെ ഏറ്റവും മികച്ച ഔഷധ സസ്യ പാർക്കെന്ന ലക്ഷ്യത്തോടെയാണ് കലഞ്ഞൂർ മാങ്കോട് റോഡരികിൽ ഡിപ്പോ ജംഗ്ഷന് സമീപം പാർക്കിന്റെ നിർമാണം മുൻ മന്ത്രി അടൂർ പ്രകാശ് മുൻകൈ എടുത്ത് ആരംഭിച്ചത്. എന്നാൽ പദ്ധതി പൂർത്തിയാക്കാതെ വനം വനംവകുപ്പ് പാർക്ക് തുറന്ന് നൽകുകയായിരുന്നു. വംശ ഭീഷണിയുള്ള അപൂർവയിനം ഔഷധസസ്യങ്ങളും വന വൃക്ഷങ്ങളും സംരക്ഷിക്കുന്നതിനും അവ നേരിട്ട് കണ്ട് പ്രത്യേകതകൾ അറിയുന്നതിനുമായാണ് പാർക്ക് സ്ഥാപിച്ചത്. ഔഷധ സസ്യ പാർക്ക് കൂടാതെ ഔഷധ സസ്യ നഴ്സറി, ഇക്കോ ടൂറിസം, കാവുകളുടെ നിർമാണം, മുളങ്കാടുകളുടെ സംരക്ഷണം തുടങ്ങി ആയുർവേദത്തിനൊപ്പം ടൂറിസം സാദ്ധ്യതകൾ കൂടി കണ്ടാണ് ഔഷധ സസ്യ ബോർഡും വനം വകുപ്പും ചേർന്ന് പാർക്ക് സ്ഥാപിക്കുവാനായി മുന്നിട്ടിറങ്ങിയത്. എന്നാൽ ലക്ഷകണക്കിന് രൂപ ചെലവഴിച്ച് ആരംഭിച്ച പാർക്കിന്റെ പണിപാതി വഴിയിൽ നിറുത്തിപൊതു ജനങ്ങൾക്കായി തുറന്ന് നൽകുകയായിരുന്നു.

ഇഴജന്തുക്കളുടെയും സാമൂഹിക

വിരുദ്ധരുടെയും വിഹാരകേന്ദ്രം

പദ്ധതി പ്രദേശമാകെ കാട് മൂടി ഇഴജന്തുക്കളുടെയും സാമൂഹിക വിരുദ്ധരുടെയും താവളമായി മാറി. ചുറ്റിനുമുള്ള സംരക്ഷണ വേലികൾ തകർന്നതാണ് പ്രധാന കാരണം. നട്ടുപിടിപ്പിച്ച പല ഔഷധ സസ്യങ്ങളും കാണാനില്ല. പാർക്കിനുള്ളിലെ മരങ്ങൾക്ക് ചുറ്റിനും അലങ്കാര രീതിയിൽ സ്ഥാപിച്ച ഇരിപ്പിടങ്ങൾ ,ചെടിച്ചട്ടികൾ എന്നിവ കാട് കയറിയും നശിച്ച നിലയിലുമാണ്. ഔഷധ സസ്യങ്ങളുടെ നിർമാണത്തിനായി സ്ഥാപിച്ച ഗ്രീൻ ഹൗസും സംരക്ഷണമില്ലാതെ നശിക്കുന്നു.

പണം വാങ്ങുവാൻ പാടില്ലെന്ന ഉത്തരവ് വിനയായി

സന്ദർശകരിൽ നിന്ന് നിശ്ചിത തുക ഫീസായി വാങ്ങുവാനാണ് പദ്ധതി ലക്ഷ്യമിട്ടത്. എന്നാൽ വനംവകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്ത് പാർക്ക് സ്ഥാപിച്ച് സന്ദർശകരിൽ നിന്ന് പണം വാങ്ങാൻ പാടില്ലെന്ന് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഉത്തരവിട്ടു. ഇതാണ് പാർക്കിന്റെ തുടർ പ്രവർത്തനങ്ങൾ മുടങ്ങാൻ കാരണം

" പാർക്കിലെ കാട് നീക്കം ചെയ്യാനും ഔഷധ സസ്യങ്ങൾ സംരക്ഷിക്കാനും ഉടൻ നടപടി സ്വീകരിക്കും.

എം.റഹീം കുട്ടി

(നടുവത്ത് കുഴി റെയ്ഞ്ച് ഓഫീസർ)