fmredio

കടമ്പനാട് : ശ്രോതാക്കളിൽ കൗതുകമുണർത്തി കടമ്പനാട് കെ.ആർ.കെ.പി. എം.ബി.എച്ച്.എസ്.എസ് ആൻഡ് വി.എച്ച്.എസ്.എസിൽ 'പാട്ടുപെട്ടി' എം.എം സ്കൂൾ റേഡിയോ തുറന്നു. സ്കൂളിലെ മ്യൂസിക് ക്ളബിന്റെ നേതൃത്വത്തിൽ സംഗീതാദ്ധ്യാപകനായ കൃഷ്ണലാലാണ് സംരംഭത്തിന് പിന്നിൽ. സ്കൂളിൽ പ്രത്യേകം സജ്ജീകരിച്ച റേഡിയോ സ്റ്റേഷനിൽ ചിറ്റയം ഗോപകുമാർ എം.എൽ.എ പാട്ടുപാടിയാണ് ഉദ്ഘാടനം ചെയ്തത്. കുട്ടികളുടെയും അദ്ധ്യാപകരുടെയും സർഗവാസനകളെ റേഡിയോ ലൈവ് പ്രോഗ്രാമിലൂടെ പ്രോത്സാഹിപ്പിക്കുക എന്നതാണ് പാട്ടുപെട്ടിയുടെ ലക്ഷ്യം.ക്ളാസ് മുറികളിലാണ് ഇപ്പോൾ റേഡിയോ സേവനം ലഭിക്കുന്നതെങ്കിലും ഭാവിയിൽ കടമ്പനാടിന്റെ എല്ലാമേഖലകളിലും ലഭിക്കത്തക്കവിധമുള്ള കമ്മ്യൂണിറ്റി റേഡിയോ സംവിധാനമായി രൂപപ്പെടുത്തും. പി.ടി.എ പ്രസിഡന്റ് സി.ഗോപിനാഥൻ അദ്ധ്യക്ഷത വഹിച്ചു. മ്യൂസിക് ക്ളബിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എ.ആർ.അജീഷ് കുമാർ നിർവഹിച്ചു. സമഗ്രശിക്ഷാ അഭിയാൻ കൊല്ലം ഡി.പി.ഒ ബി. രാധാകൃഷ്ണൻ ഉണ്ണിത്താൻ,നടൻ അനിൽമഹായി,ഗായിക കെ.എസ്.പ്രിയ എന്നിവർ മുഖ്യാതിഥികളായിരുന്നു. സ്കൂൾ രക്ഷാധികാരി എസ്.കെ.അനിൽ കുമാർ, മാനേജർ പി.ശ്രീലക്ഷ്മി, പ്രിൻസിപ്പൽ ടി.രാജൻ, ഹെഡ്മിസ്ട്രസ് ആർ.സുജാത, പൂർവ്വ അദ്ധ്യാപകരായ കെ.കുട്ടപ്പൻ, ശിവശങ്കരപിള്ള, ബിജു ചിത്രാസ്, ടി. ആർ.ബിജു, രഘു, രൻജു എന്നിവർ സംസാരിച്ചു.