ശബരിമല: സ്ത്രീപ്രവേശന വിധി നടപ്പാക്കാൻ സർക്കാരും പ്രതിരോധിക്കാൻ സമരക്കാരും ഉറച്ച നിലപാട് സ്വീകരിച്ചതോടെ ശബരിമല വീണ്ടും മുൾമുനയിൽ. ചിത്തിര ആട്ടവിശേഷത്തിന് നട തുറക്കുന്നത് 5ന് വൈകിട്ട് അഞ്ചിനാണെങ്കിലും നാളെ മുതൽ ആറാം തീയതി വരെ ശബരിമലയിൽ 5000 പൊലീസുകാരെ വിന്യസിച്ച് സുരക്ഷാ വലയമൊരുക്കും. 6ന് രാത്രി 10 മണിക്കാണ് നട അടയ്ക്കുന്നത്. നട തുറന്നിരിക്കുന്ന 29 മണിക്കൂർ നിർണായകമാകും.
തുലാമാസ പൂജയ്ക്ക് നട തുറന്നപ്പോഴുണ്ടായ സംഘർഷങ്ങൾ മുൻനിറുത്തി വേണ്ടത്ര മുൻകരുതലെടുക്കാനാണ് രണ്ടുദിവസം മുൻപേ പൊലീസിനെ വിന്യസിക്കുന്നത്. നിലയ്ക്കൽ, പമ്പ, കാനനപാത, സന്നിധാനം എന്നിവിടങ്ങളിൽ അനാവശ്യമായി ആളുകൾ തങ്ങാൻ അനുവദിക്കില്ല.
വടശേരിക്കര, ഇലവുങ്കൽ, നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നീ സ്ഥലങ്ങൾ സുരക്ഷാമേഖലയാക്കി. ഐ.ജി പി. വിജയനാണ് സന്നിധാനത്തെ ചുമതല. നിലയ്ക്കൽ മുതൽ പമ്പ വരെ ഐ.ജി എം.ആർ. അജിത്കുമാറിനാണ് ചുമതല. ഐ.ജിമാർക്കൊപ്പം ഐ.പി.എസ് ഓഫീസർമാരും സഹായത്തിനുണ്ടാകും. മരക്കൂട്ടത്ത് എസ്.പിമാർക്കാണ് ചുമതല.
'സുപ്രീംകോടതി വിധി പ്രകാരം ശബരിമല ദർശനത്തിന് പൊലീസ് സംരക്ഷണം തേടി ആരെങ്കിലും എത്തിയാൽ സുരക്ഷ നൽകും
ടി. നാരായണൻ,
പത്തനംതിട്ട പൊലീസ് ചീഫ്
തിരിച്ചറിയൽ കാർഡ് നിർബന്ധം
ശബരിമലയിലും പരിസരങ്ങളിലും ജോലിക്കെത്തുന്ന തൊഴിലാളികൾക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും തിരിച്ചറിയൽ കാർഡും നിർബന്ധം
അവരവരുടെ താമസസ്ഥലത്തെ പൊലീസ് സ്റ്റേഷനിൽ നിന്ന് വാങ്ങുന്ന ക്ലിയറൻസ് സർട്ടിഫിക്കറ്റ്, ആധാർ/വോട്ടർ ഐ.ഡി കാർഡിന്റെ പകർപ്പ്, ഹെൽത്ത് കാർഡ്, രണ്ട് പാസ്‌പോർട്ട് സൈസ് കളർ ഫോട്ടോ എന്നിവ കൊണ്ടുവരണം
മേൽപ്പറഞ്ഞ രേഖകളുമായി നിലയ്ക്കൽ, പമ്പ, സന്നിധാനം സ്റ്റേഷനുകളിൽ ഏതിന്റെ പരിധിയിലാണോ ജോലി ചെയ്യുന്നത് അവിടെ ഹാജരായി തിരിച്ചറിയൽ കാർഡ് വാങ്ങണം
പൊലീസ്, സർക്കാർ, ദേവസ്വം ബോർഡ് ജീവനക്കാർ എന്നിവർ ഒൗദ്യോഗിക തിരിച്ചറിയൽ കാർഡ് നിർബന്ധമായും ധരിക്കണം