മാന്നാർ: നോമ്പും പ്രാർത്ഥനയുമായി സഹനത്തിന്റെ പാതകൾ താണ്ടിയെത്തിയ തീർത്ഥാടക സംഘങ്ങളാൽ പരുമല ഭക്തി സാന്ദ്രമായി. പരുമല തിരുമേനി ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ എന്ന പ്രാർത്ഥനാ ഗീതങ്ങൾ ചെല്ലിയാണ് പദയാത്രികർ പരുമലയിലേക്ക് കടന്ന് വന്നത്. ഇന്നലെ രാവിലെ മുതൽ തീർത്ഥാടകരുടെ നിലയ്ക്കാത്ത പ്രവാഹമായിരുന്നു. വൈകുന്നേരമായപ്പോഴേക്കും നിയന്ത്രിക്കുവാൻ കഴിയാത്ത വിധത്തിൽ വിശ്വാസികളെ കൊണ്ട് പരുമല ഗ്രാമം നിറഞ്ഞ് കവിഞ്ഞു. രാവിലെ ചാപ്പലിലും പള്ളിയിലും നടന്ന കുർബ്ബനയ്ക്ക് ശേഷം സന്യാസസമൂഹം സമ്മേളനം ചേർന്നു. കണ്ടനാട് ഭദ്രാസനാധിപൻ ഡോ.മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു.നിരണം ഭദ്രസനാധിപൻ ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷനായിരുന്നു.സ്വാമി മുക്താനന്ദ സ്വാമി മുഖ്യസന്ദേശവും ഡോ.ജോസഫ് മാർ ദിവന്നാസ്യോസ് മെത്രാപ്പോലീത്താ അനുഗ്രഹ പ്രഭാഷണവും നടത്തി.ഫാ.ഡോ.എം.ഒ.ജോൺ,ഔഗേൻ റമ്പാൻ,ഫാ.മത്തായി,ഫാ.എം.സി.കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു. തീർത്ഥാടന സമാപനസമ്മേളനം ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു.ഡോ.യൂഹാനോൻമാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷനായിരുന്നു.പരുമല തിരുമേനിയുടെ ആദ്യകാല വസതിയായ അഴിപ്പുരയിൽ കൊടിയേറ്റ് ദിനത്തിൽ ആരംഭിച്ച 144 മണിയ്ക്കൂർ അഖണ്ഡ പ്രാർത്ഥന സമാപിച്ചു. വൈകിട്ട് കാതോലിക്കാ ബാവയേയും മെത്രാപ്പോലീത്തമാരെയും സന്ധ്യാ നമസ്ക്കാരത്തിനായി പള്ളമേടിയിൽ നിന്ന് പള്ളിയിലേക്ക് ആനയിച്ചു.തുടർന്ന് സന്ധ്യാനമസ്ക്കാരവും പള്ളിക്ക് മുകളിൽ പ്രത്യേകം സജ്ജീകരിച്ച സ്ഥലത്ത് നിന്ന് ബാവ വിശ്വാസികൾക്ക് വാഴ്വും നൽകി. രാത്രിയിൽ ഭക്തിനിർഭരമായ റാസയിൽ നൂറ്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. റാസ പള്ളയിൽ പ്രവേശിച്ച ശേഷം ധൂപപ്രാർത്ഥനയും ആശിർവാദവും നടന്നു.രാത്രിയിൽ നടന്ന സംഗീതാർച്ചനയോടെ പ്രധാന പെരുന്നാൾ ദിനത്തിലെ ചടങ്ങുകൾ സമാപിച്ചു. ഇന്ന് പുലർച്ചെ മൂന്നിന് വിശുദ്ധകുർബ്ബനയോടെ പ്രധാനദിനത്തിലെ പെരുന്നാൾ ശശ്രൂക്ഷകൾ ആരംഭിക്കും.