sabarimala

ശബരിമല: ചിത്തിര ആട്ടവിളക്കിന് നട തുറക്കുമ്പോൾ യുവതീ പ്രവേശനത്തിനെതിരെ പ്രതിഷേധവും സംഘർഷവുമുണ്ടാകാനുളള സാദ്ധ്യത കണക്കിലെടുത്ത് ശബരിമലയിൽ വീണ്ടും നിരോധനാജ്ഞ പ്രഖ്യപിച്ചേക്കും. നാളെ മുതൽ നട അടയ്ക്കുന്ന ആറാം തീയതി രാത്രി 12വരെയാകും നിരോധനാജ്ഞ. ഇലവുങ്കൽ, നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ പ്രതിഷേധം സംഘർഷത്തിലേക്ക് വഴിമാറാമെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 144ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് പൊലീസ് കളക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.

തുലാമാസ പൂജയ്ക്ക് നട തുറന്ന 17ന് നിലയ്ക്കലിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് അന്ന് രാത്രി മുതൽ നട അടച്ച 22ന് രാത്രി വരെ ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. അൻപത് കഴിഞ്ഞ അമ്മമാരെ മുന്നിൽ നിർത്തി യുവതികൾക്കെതിരെ പ്രതിരോധം തീർക്കുന്ന പുതിയ സമരമുറ സംഘപരിവാർ നടത്തുമെന്നാണ് സൂചന.