പത്തനംതിട്ട: സാധാരണക്കാർക്ക് മനസിലാകുന്ന ലളിതമായ ഭാഷയിൽ വേണം ഉദ്യോഗസ്ഥർ ഫയലുകൾ എഴുതേണ്ടതെന്നും ഭാഷയുടെ ലളിത വത്കരണത്തിന് കൂടുതൽ പ്രാധാന്യം നൽകണമെന്നും ചിറ്റയം ഗോപകുമാർ എം.എൽ.എ പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെയും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മലയാള ദിനാഘോഷത്തിന്റെയും ഔദ്യോഗിക ഭാഷാ വാരാചരണത്തിന്റെയും ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കോടതി വ്യവഹാരങ്ങൾ മലയാളത്തിൽ ആക്കേണ്ടതിന്റെ കാലം അതിക്രമിച്ചിരിക്കുന്നു. സാധാരണക്കാരന് അവന്റെ കേസിലുള്ള വിധിയുടെ അർഥം മനസിലാക്കണമെങ്കിൽ ദ്വിഭാഷിയുടെ സഹായം ആവശ്യമായി വരുന്നു. ഇത് നീതിയല്ല. മാതൃഭാഷയിൽ പഠിക്കാതെ ബിരുദം നേടാൻ സാധിക്കുന്ന സംസ്ഥാനമായി കേരളം മാറി. ഈ സ്ഥിതിക്ക് മാറ്റം വരേണ്ടതെന്നും എം എൽ എ പറഞ്ഞു.
എ.ഡി.എം പി. ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ സാം ചെമ്പകത്തിൽ വായനാദിന സന്ദേശം നൽകി. മാതൃഭാഷാ സംസ്കാരം വളർത്തിയെടുക്കാൻ യുവതലമുറയെ നാം പ്രാപ്തരാക്കണമെന്ന് അദ്ദേഹം പറഞ്ഞു. സാക്ഷരതാ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഡോ.വി.വി മാത്യു വിഷയാവതരണം നടത്തി.
പി.ആർ.ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടർ കെ.അബ്ദുൽ റഷീദ്, ഡെപ്യൂട്ടി കളക് ടർമാരായ പി.അജന്തകുമാരി, എസ്. ശിവപ്രസാദ്, ഹുസൂർ ശിരസ്തദാർ വില്യം ജോർജ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി.മണിലാൽ, അസിസ്റ്റന്റ് എഡിറ്റർ പി.ആർ.സാബു, ഐ.ടി മിഷൻ കോഓർഡിനേറ്റർ കെ.വി.ഉഷാകുമാരി തുടങ്ങിയവർ സംസാരിച്ചു.