ചെങ്ങന്നൂർ: ഉത്തരപ്പള്ളിയാറിൽ ജലമൊഴുകാനായുള്ള പ്രവർത്തനവുമായി ജനങ്ങൾ മുന്നിട്ടിറങ്ങുന്നുണ്ടെങ്കിലും സർക്കാർ തലത്തിൽ നിസഹരണം തുടരുന്നു. 2017 ഏപ്രിൽ 17ന് തുടക്കമിട്ട സർവേ മാർച്ച് 20ന് പൂർത്തിയായി കൈയേറ്റങ്ങൾ തിട്ടപ്പെടുത്തിയെങ്കിലും നോട്ടീസ് അയച്ച് കൈയേറിയവരെ ഇതുവരെ വിളിച്ചു വരുത്തിയിട്ടില്ല. വെൺണി, ആലാ, ചെറിയനാട്, പുലിയൂർ, എണ്ണയ്ക്കാട് വില്ലേജുകളിലൂടെയാണ് ആറ് കടന്നു പോകുന്നത്. പമ്പയും അച്ചൻകോവിലാറും തമ്മിൽ ബന്ധിപ്പിക്കുന്ന 18 കിലോമീറ്റർ നീളത്തിലാണ് ആറൊഴുകിയ വഴി.വെൺമണി പുത്താറ്റിൻകരയിൽ തുടങ്ങി എണ്ണയ്ക്കാട് വില്ലേജിലെ ഇല്ലിമലയിലാണ് അവസാനിക്കുന്നത്.ഇതിന്റെ 10 കിലോമീറ്റർ തോട് മാത്രമാണ് ഇന്നുള്ളത്. പലസ്ഥലത്തും ആറിന്റെ രേഖകൾ രാജഭരണ കാലത്തെ രേഖകളിൽ പോലും കാണാനില്ല എന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. കുളിയ്ക്കാംപാലം മുതൽ രണ്ട് കിലോമീറ്റർ ആറ് കാണാനേ ഇല്ല. പുലിയൂരിൽ ആറിന്റെ രേഖകൾ രാജഭരണ കാലത്തെ സെറ്റിൽമെന്റ് രജിസ്റ്ററിൽ പോലും ഇല്ല. ഇക്കാരണത്താൽ ഇവിടെ സർവേ പൂർത്തിയായില്ല. സർവേയുടെ തുടക്കം മുതൽക്കേ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ വകുപ്പുകൾ നിസഹകരണത്തിലാണ്. ആറ് വൃത്തിയാക്കുന്ന കാര്യത്തിൽപ്പോലും സഹകരണം ഉണ്ടായില്ല. അതേസമയം ചില സന്നദ്ധ സംഘടനയുടെ നേതൃത്വത്തിൽ ആറ് ശുചീകരിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ട്.