പത്തനംതിട്ട: ശബരിമല പാതയിൽ ളാഹ കമ്പകത്തുംവളവിനു സമീപം അയ്യപ്പഭക്തനായ പന്തളം മുളമ്പുഴ ശരത് ഭവനിൽ ശിവദാസനാചാരി (60) മരണമടഞ്ഞത് തുടയെല്ല് പൊട്ടി രക്തം വാർന്നാണെന്ന് കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറുടെ പ്രാഥമിക നിഗമനം. ഇത് അപകടത്തിൽ സംഭവിച്ചതാകാം. പന്തളം സി.എെയുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ശാസ്ത്രീയ തെളിവുകളും ശേഖരിക്കും.
ശിവദാസനാചാരി ശബരിമല സമരത്തിൽ പങ്കെടുത്തിട്ടില്ല. എല്ലാ മലയാളമാസവും ഒന്നാം തീയതി ദർശനം നടത്തുന്നയാളാണെന്ന് ഭാര്യാ സഹോദരൻ ചെല്ലപ്പനാചാരി പറഞ്ഞു. 18ന് രാവിലെയാണ് വീട്ടിൽ നിന്ന് ലൂണ സ്കൂട്ടറിൽ ശബരിമലയ്ക്ക് പോയത്. മൊബൈൽ ഫോൺ എടുത്തിരുന്നില്ല. 19ന് രാവിലെ ദർശനം കഴിഞ്ഞ് പമ്പയിലെത്തിയ ശിവദാസനാചാരി തമിഴ്നാട്ടുകാരനായ അയ്യപ്പഭക്തന്റെ മൊബൈൽ ഫോണിൽ നിന്ന് ബന്ധുക്കളെ വിളിച്ചിരുന്നു. പിന്നീട് വിവരം കിട്ടാത്തതിനാൽ ശബരിമല പാതകളിൽ ബന്ധുക്കൾ അന്വേഷിച്ചു. അച്ചൻകോവിൽ ക്ഷേത്രത്തിലും പോകാറുണ്ടായിരുന്നു. അവിടെയും അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് 21ന് പമ്പ, നിലയ്ക്കൽ, പെരുനാട് പൊലീസ് സ്റ്റേഷനുകളിലും 25ന് പന്തളം പൊലീസ് സ്റ്റേഷനിലും പരാതി നൽകി. ഇതിനിടെയാണ് വ്യാഴാഴ്ച വൈകിട്ട് മൃതദേഹം കണ്ടെത്തിയത്.
മരണം 17ന് നിലയ്ക്കലിലെ പൊലീസ് നടപടിക്കിടെയാണെന്ന് ആരാേപിച്ച് ബി.ജെ.പി ഇന്നലെ പത്തനംതിട്ട ജില്ലയിൽ നടത്തിയ ഹർത്താൽ പൂർണമായിരുന്നു. സംഭവത്തിൽ എെ.ജിമാരായ മനോജ് എബ്രഹാമിനും എസ്. ശ്രീജിത്തിനുമെതിരെ കൊലക്കുറ്റത്തിനു കേസെടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.