മാന്നാർ:ഭക്തസഹസ്രങ്ങൾ പങ്കെടുത്ത ഭക്കിനിർഭരമായ റാസയോട് പരുമല പെരുന്നാളിനിന് കൊടിയിറങ്ങി. ദേവാലയത്തിലെ പ്രത്യക പ്രാർത്ഥനകൾക്ക് ശേഷം വർണ്ണകുടകളും കത്തിച്ച് മെഴുകുതിരുകളും തലയിൽ കുരിശുകളും ഏന്തി ഗീതങ്ങളും ആലപിച്ച് തീർത്ഥാടകർ റാസയിൽ അണിനിരന്നു. ദേവാലയത്തിന്റെ പടിഞ്ഞാറുള്ള പ്രധാന കവാടത്തിലൂടെ പമ്പാ നദിക്കരയിലേക്ക് റാസ നീങ്ങി. ഏറ്റവും പിന്നിലായി വിശ്വാസികൾക്ക് ആശിർവാദം നൽകി വൈദീകരും അണിനിരന്നു.പമ്പാ നദിക്കരയിലെ കുരിശ്ശടിയിൽ ധൂപ പ്രാർത്ഥന നടത്തിയ ശേഷം പള്ളിക്ക് കിഴക്ക് വശത്തുള്ള പ്രധാന കുൽകുരിശ്ശടിയിലും ധൂപ പ്രാർത്ഥന നടന്നു. തുടർന്ന് നിരണം ഭദ്രാസനാധിപൻ സമാപന പ്രാർത്ഥനകളും ആശിർവാദവും നൽകിയതോടെ പരുമല കൊച്ചുതിരുമേനിയുടെ 116-ാം ഓർമ്മപെരുന്നാളിന് കൊടിയിറങ്ങി.പെരുന്നാളിന്റെ സമാപന ദിനമായ ഇന്നലെ പുലർച്ചെ മുതൽ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. പുലർച്ചെ മൂന്നിന് ഡോ.മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന കുർബാനയോടെയാണ് സമാപന ദിനത്തിലെ തിരുകർമ്മങ്ങൾ ആരംഭിച്ചത്.തുടർന്ന് ഡോ.യൂഹാനോൻ മാർ ദിയാസ്‌കോറോസ് മെത്രാപ്പോലീത്താ കുർബ്ബാന അർപ്പിച്ചു. ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കതോലിക്കാ ബാവയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന മൂന്നിൻമേൽ കുർബ്ബാനയും തുടർന്ന് നടന്ന വാഴ്വിലും നൂറ് കണക്കിന് വിശ്വാസികൾ പങ്കെടുത്തു.