ശബരിമല: നാളെ നട തുറക്കുമ്പോൾ യുവതീ പ്രവേശനത്തിനെതിരായ പ്രതിഷേധവും സംഘർഷസാദ്ധ്യതയും കണക്കിലെടുത്ത് ശബരിമലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി പത്തനംതിട്ട ജില്ലാ കളക്ടർ പി.ബി. നൂഹ് അറിയിച്ചു. ഇലവുങ്കൽ, നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ ഇന്ന് അർദ്ധരാത്രി മുതൽ നട അടയ്ക്കുന്ന ആറിന് അർദ്ധരാത്രി വരെയാണ് നിരോധനാജ്ഞ. ദർശനത്തിന് എത്തുന്നവർക്ക് നിരോധനാജ്ഞ ബാധകമല്ല. എ.ഡി.ജിപി അനിൽ കാന്ത് ഉൾപ്പെടെ നാളെ മുതൽ പമ്പയിലും സന്നിധാനത്തുമുണ്ടാകും. തുലാമാസ പൂജയ്ക്ക് നട തുറന്ന കഴിഞ്ഞ 17ന് നിലയ്ക്കലിലുണ്ടായ സംഘർഷത്തെ തുടർന്ന് അന്ന് രാത്രി മുതൽ 22 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.