പത്തനംതിട്ട: കെ.കെ. നായർ ജില്ലാ സ്റ്റേഡിയത്തിന്റെ നവീകരണവുമായി ബന്ധപ്പെട്ട് നഗരസഭയ്ക്കുള്ള ആശങ്ക ദുരീകരിക്കാൻ മന്ത്രിതല ചർച്ച നടത്താമെന്ന് വീണാ ജോർജ് എംഎൽഎ. ആശങ്കകൾ പരിഹരിച്ച് പുതിയ ധാരണാപത്രം തയാറാക്കുമെങ്കിൽ ഒപ്പിടുന്നതിൽ എതിർപ്പില്ലെന്ന് നഗരസഭാ ചെയർപേഴ്‌സൺ ഗീതാ സുരേഷ്. സ്റ്റേഡിയം വികസനം സംബന്ധിച്ചു പത്തനംതിട്ട പ്രസ്‌ക്ലബ് സംഘടിപ്പിച്ച സംവാദം പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു ഇരുവരും. കെ.കെ.നായർ ജില്ലാ സ്റ്റേഡിയം എന്ന പേരിൽ തന്നെയാകും അറിയപ്പെടുകയെന്നും ധാരണാപത്രത്തിൽ പറഞ്ഞിരിക്കുന്ന ബ്ലസൻ ജോർജ് എന്ന പേര് ഇൻഡോർ സ്‌റ്റേഡിയത്തിനായിരിക്കുമെന്നും എം.എൽ.എ ഉറപ്പ് നൽകി. നഗരസഭ ഉന്നയിച്ചിട്ടുള്ള ആശങ്കകളിൽ നിരവധി ചർച്ചകളും നിർദേശങ്ങൾ സമർപ്പിക്കലും നടന്നു. ഇപ്പോഴും ധാരണാപത്രത്തിലെ ചില വ്യവസ്ഥകളോട് യോജിക്കാൻ നഗരസഭയ്ക്ക് കഴിയാത്ത സാഹചര്യത്തിൽ കായികമന്ത്രി ഇടപെട്ടു പ്രത്യേക യോഗം വിളിച്ചു തീരുമാനമെടുക്കട്ടേയെന്ന് വീണാ ജോർജ് പറഞ്ഞു.
>>>
നഗരസഭയുടെ ആശങ്ക
ധാരണാപത്രം എത്രകാലത്തേക്കുള്ളതാണെന്നോ സ്‌റ്റേഡിയം കൈമാറ്റം നടത്തണോയെന്ന് വ്യക്തമല്ല.
കിഫ്ബി മുഖേനയുള്ള വായ്പയാണോ 50 കോടി രൂപ എന്നതു വ്യക്തമല്ല.
ധാരണാപത്രം ഒപ്പുവച്ചുകഴിഞ്ഞാൽ സ്‌പോർട്‌സ് അതോറിറ്റി, സ്‌പോർട്‌സ് കൗൺസിൽ പ്രതിനിധികൾ ഉൾപ്പെടെയുള്ള ജോയിന്റ് മാനേജ്‌മെന്റ് കമ്മിറ്റിക്കായിരിക്കും സ്‌റ്റേഡിയത്തിന്റെ നിയന്ത്രണം. 12 അംഗ കമ്മിറ്റിയിൽ നഗരസഭ ചെയർപേഴ്‌സൺ മാത്രമായിരിക്കും നഗരസഭയെ പ്രതിനിധീകരിച്ചുണ്ടാകുക. ഇതംഗീകരിക്കാനാകില്ല.
സ്റ്റേഡിയം നിർമാണത്തിനു വസ്തു ഏറ്റെടുത്തതിലുൾപ്പെടെ വൻ ബാദ്ധ്യത നേരിടുന്ന നഗരസഭയ്ക്ക് സ്റ്റേഡിയത്തിൻമേലുള്ള നിയന്ത്രണാധികാരം നഷ്ടപ്പെടുത്താൻ ആകില്ല. നഗരസഭയുടെ കായികവിഭാഗം സ്ഥിരം സമിതി അദ്ധ്യക്ഷയോ വാർഡ് കൗൺസിലറോ നിർബന്ധമായും സ്‌റ്റേഡിയം മാനേജ്‌മെന്റ് കമ്മിറ്റിയിലുണ്ടാകണമെന്നതാണ് പ്രധാന ആവശ്യം.
ധാരണാപത്രത്തിലെ വ്യവസ്ഥകളിൽ മാറ്റംവരുത്തി പുതിയതു നൽകിയാൽ ഒപ്പുവയ്ക്കുന്നതിന് നഗരസഭയ്ക്ക് എതിർപ്പില്ല. മറ്റു പല പദ്ധതികളെയും പോലെ എം.എൽ.എ ഇപ്പോൾ നടത്തുന്നത് പ്രഖ്യാപനം മാത്രമാണോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു.
>>>
എം.എൽ.എയുടെ മറുപടി
നഗരസഭയും സ്‌പോർട്‌സ് അതോറിറ്റിയുമാണ് ധാരണാപത്രം ഒപ്പുവയ്ക്കുന്നത്. ഇതിൽ എം.എൽ.എ കക്ഷിയല്ല. സംസ്ഥാന സർക്കാർ പ്രത്യേക ഉത്തരവിലൂടെയാണ് സ്‌പോർട്‌സ് യുവജനക്ഷേമ മന്ത്രാലയം മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന സ്റ്റേഡിയം വികസനത്തിനുവേണ്ടി ധാരണാപത്രങ്ങൾ തയാറാക്കിയത്. ഇതേ ധാരണാപത്രം ചെങ്ങന്നൂർ നഗരസഭ അടക്കം ഒപ്പുവച്ചു. നഗരസഭയുടെ ഭൂമി കൈമാറ്റം വരുത്തുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ല. കിഫ്ബിയിൽ നിന്നുള്ള പണം വായ്പയാണെങ്കിൽ അതു നേരത്തെതന്നെ പറയുമായിരുന്നു. സ്റ്റേഡിയം മാനേജിംഗ് കമ്മിറ്റിയുടെമേൽ നഗരസഭയ്ക്കു കൂടുതൽ നിയന്ത്രണം വേണമെങ്കിൽ ഉപചട്ടങ്ങൾ രൂപീകരിച്ച് ഇതിനുള്ള വ്യവസ്ഥകളുണ്ടാക്കാവുന്നതാണ്. കായിക ആവശ്യങ്ങൾക്കു മാത്രമേ സ്‌റ്റേഡിയം ഉപയോഗിക്കാനാകൂ. അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്‌റ്റേഡിയമാണ് പണിയുന്നത്. ഇതിലൂടെ അന്താരാഷ്ട്ര, ദേശീയ കായികമത്സരങ്ങൾക്കുവരെ പത്തനംതിട്ട വേദിയാകും. നിലവിൽ പുഷ്പമേളയ്ക്കും മറ്റ് ആഘോഷപരിപാടികൾക്കും പൊതുയോഗങ്ങൾക്കും സ്‌റ്റേഡിയം വിട്ടുനൽകുന്നതിലൂടെ ലഭിക്കുന്ന തുകയിലും ഇരട്ടി ഇതിലൂടെ നഗരസഭയ്ക്ക് വരുമാനമാകും.