റാന്നി : രാജ്യത്തെ തൊഴിലാളികൾ മൂലധനവുമായി ഏറ്റുമുട്ടലിന്റെ പാതയിലാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. എ.ഐ.ടി.യു.സി ജില്ലാ സമ്മേളനം റാന്നിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.തൊഴിലാളിയുടെ അവകാശങ്ങൾ ഒന്നൊന്നായി ഹനിക്കപ്പെടുകയാണ്. സംഘടിത മേഖല ദുർബലമാകുന്നു. ഭൂരിപക്ഷം തൊഴിലാളികളും അസംഘടിതരായി. തൊഴിലാളികളെ ഭിന്നിപ്പിക്കാൻ തൊഴിൽ നിയമങ്ങൾ അട്ടിമറിക്കുന്നു.ദേശസാത്കരണത്തിന് ശേഷം തൊഴിലാളികളുടെ നേരെയുള്ള കടന്നാക്രമണം വർദ്ധിച്ചു. നരേന്ദ്രമോദി അധികാരത്തിൽ എത്തിയശേഷം തൊഴിലാളികളുടെയും കൃഷിക്കാരുടെയും അവകാശങ്ങൾ നിഷേധിക്കുകയാണ്. തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ കേന്ദ്രസർക്കാർ പൂർണ പരാജയമാണ്.പൊതുമേഖലാ സ്ഥാപനങ്ങൾ കോർപ്പറേറ്റുകൾക്ക് വിറ്റു തുലയ്ക്കുന്നു. ജനങ്ങളുടെ സമ്പത്ത് ചില വ്യക്തികളിലേയ്ക്ക് പോവുകയാണെന്നും അഴിമതിയുടെ കാര്യത്തിൽ രാജ്യത്തെ എക്കാലത്തെയും സർക്കാരുകളേക്കാൾ മുൻപന്തിയിലാണ് മോദി സർക്കാർ എന്നും അദ്ദേഹം പറഞ്ഞു. എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് എം.വി.വിദ്യാധരൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി.ജയൻ, എ.ഐ.ടി.യു.സി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ജെ.ഉദയഭാനു,സംസ്ഥാന സെക്രട്ടറി എച്ച്.രാജീവൻ,
സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ.എസ്.ഇന്ദുശേഖരൻ നായർ,വി.ബി. ബിനു, ജില്ലാ സെക്രട്ടറി ചെങ്ങറ സുരേന്ദ്രൻ,
സി.പി.ഐ സംസ്ഥാന കൗൺസിലംഗങ്ങളായ മുണ്ടപ്പള്ളി തോമസ്, പി.ആർ. ഗോപിനാഥൻ, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ ഡി.സജി, അഡ്വ.ബേബിച്ചൻ വെച്ചൂച്ചിറ,റാന്നി മണ്ഡലം സെക്രട്ടറി അഡ്വ.മനോജ് ചരളേൽ എന്നിവർ പ്രസംഗിച്ചു.