ഇളമണ്ണൂർ: സ്കൂൾ കുട്ടികളടക്കം നിരവധിയാളുകൾ ആശ്രയിക്കുന്ന കലഞ്ഞൂർ - പാടം റോഡിലെ ഡിപ്പോ ജംഗ്ഷന് സമീപമുള്ള വളവിൽ മാലിന്യം തള്ളുന്നത് പതിവായി. കാടുകയറി കിടക്കുന്ന ഈ ഭാഗത്ത് മറ്റ് പഞ്ചായത്തുകളിൽ നിന്നടക്കം അറവുശാലയിലെ അവശിഷ്ടങ്ങളും പച്ചക്കറി വേസ്റ്റുകളും ചാക്കുകളിലാക്കി കൊണ്ടിടുകയാണ്. സമീപമുള്ള വനം വകുപ്പിന്റെ വസ്തുക്കളിലും മാലിന്യം നിറഞ്ഞിരിക്കുന്നു. മാലിന്യ നിക്ഷേപം പതിവായതോടെ മുൻപ് പ്രദേശവാസികളുടെയും വനം സംരക്ഷണ സമിതിയുടെയും നേതൃത്വത്തിൽ കാടുകൾ നീക്കം ചെയ്ത് മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിരുന്നു. എന്നാൽ കാടുകൾ വീണ്ടും വളർന്നതോടെ മുന്നറിയിപ്പ് ബോർഡിന് കീഴിൽ പോലും അവശിഷ്ടങ്ങൾ തള്ളുകയാണ്. രാത്രിയിൽ വാഹനങ്ങളിൽ എത്തിയാണ് മാലിന്യ നിക്ഷേപം. ഇൗ പ്രദേശങ്ങളിൽ വഴിവിളക്കുകൾ കത്താറുമില്ല. മാലിന്യം അഴുകി ദുർഗന്ധം രൂക്ഷമായിരിക്കുന്നു. ഇവ ഭക്ഷിക്കാൻ എത്തുന്ന തെരുവ് നായകളും യാത്രികർക്ക് ഭീഷണിയാകുന്നുണ്ട്. പ്രദേശത്ത് നിരീക്ഷണ കാമറ സ്ഥാപിക്കണമെന്നാവശ്യം ശക്തമാണ്.