പത്തനംതിട്ട: ക്ഷീരവികസന വകുപ്പ് നടപ്പാക്കുന്ന സമഗ്ര ക്ഷീരകർഷക ഇൻഷുറൻസ് പദ്ധതിയായ ക്ഷീര സാന്ത്വനം പദ്ധതിയിൽ അംഗമാകുന്നതിന് അപേക്ഷ ക്ഷണിച്ചു. ആരോഗ്യ സുരക്ഷാ പോളിസി, അപകട സുരക്ഷാ പോളിസി, ഗോ സുരക്ഷ പോളിസി എന്നീ പദ്ധതികളാണുള്ളത്. 80 വയസ് വരെയുള്ള കർഷകർ ഉൾപ്പെട്ട കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വരെ ലഭിക്കുന്നതാണ് ആരോഗ്യസുരക്ഷാ പോളിസി. നിലവിലുള്ള അസുഖങ്ങൾക്ക് 50,000 രൂപ വരെ പരിരക്ഷ ലഭിക്കും. ഒരു വർഷമാണ് പോളിസിയുടെ കാലാവധി. കർഷകൻ അപകടം മൂലം മരിക്കുകയോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്താൽ അപകട സുരക്ഷാ പോളിസിയുടെ പരിരക്ഷ ലഭിക്കും. അഞ്ച് ലക്ഷം രൂപയാണ് പോളിസി തുക. 18 മുതൽ 50 വയസ് വരെ നാല് ലക്ഷം രൂപ അപകട മരണത്തിനും രണ്ട് ലക്ഷം രൂപ സ്വാഭാവിക മരണത്തിനും 18 മാസത്തേക്ക് കവറേജ് ലഭിക്കുന്നതാണ് ലൈഫ് ഇൻഷുറൻസ് പോളിസി. കന്നുകാലികൾക്ക് പരിരക്ഷ ഉറപ്പാക്കുന്നതാണ് ഗോസുരക്ഷാ പോളിസി. പദ്ധതിയുടെ എന്റോൾമെന്റ് ഫോം പൂരിപ്പിച്ച് കന്നുകാലിയുടെ ഫോട്ടോ വേരിഫിക്കേഷൻ മൊബൈൽ ആപ്ലിക്കേഷൻ വഴി അപ്‌ലോഡ് ചെയ്താൽ മാത്രമേ പദ്ധതിയിൽ ഉൾപ്പെടൂ. വിശദവിവരങ്ങൾക്ക് ബ്ലോക്കുതല ക്ഷീരവികസന യൂണിറ്റുകളുമായോ അടുത്തുള്ള ക്ഷീരസഹകരണ സംഘങ്ങളുമായോ ബന്ധപ്പെടണം. അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 10.