പത്തനംതിട്ട : നിരോധനാജ്ഞയുടെ മറവിൽ ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാനാണ് സർക്കാർ നീക്കമെങ്കിൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷയും ശബരിമല കർമ്മസമിതി വർക്കിംഗ് പ്രസിഡന്റുമായ കെ.പി. ശശികല വാർത്താസമ്മേളനത്തിൽ പറഞ്ഞു. മണ്ഡലകാലത്തിനു മുമ്പേ യുവതികളെ സന്നിധാനത്ത് പ്രവേശിപ്പിക്കണമെന്നത് മുഖ്യമന്ത്രിയുടെ വാശിയാണ്. അതിന് മറ പിടിക്കാനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പൊലീസിനെ വിന്യസിച്ച് യുവതീ പ്രവേശനം സാദ്ധ്യമാക്കാനാണ് ശ്രമിക്കുന്നത്. സന്നിധാനത്ത് ദർശനത്തിനെത്തുന്ന ഭക്തരുടെ മേലുള്ള ഒരു നിയന്ത്രണങ്ങളും അംഗീകരിക്കില്ല. ശബരിമലയിൽ ദുരൂഹസാഹചര്യത്തിൽ ശിവദാസൻ എന്ന അയ്യപ്പഭക്തൻ മരിച്ചതിനെക്കുറിച്ചും നിലയ്ക്കലിലും പമ്പയിലും നടന്ന പൊലീസ് അതിക്രമത്തെക്കുറിച്ചും ജുഡീഷ്യൽ അന്വേഷണം വേണമെന്നും ശശികല ആവശ്യപ്പെട്ടു. ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ. ഹരിദാസ് പങ്കെടുത്തു