പത്തനംതിട്ട : കളക്ട്രേറ്റ് വളപ്പിലെ മഴവെള്ള സംഭരണിക്ക് സമീപം മാലിന്യം കുന്നുകൂടുന്നു. സംഭരണിയിലേക്ക് വെള്ളം ഒഴുകുന്ന പൈപ്പും പൊട്ടിയ നിലയിലാണ്. സമീപത്ത് റിംഗ് കമ്പോസ്റ്റ് ഉണ്ടെങ്കിലും ഇത്രയധികം മാലിന്യങ്ങൾ അതിൽ നിക്ഷേപിക്കാൻ കഴിയില്ല. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ വേൽതിരിക്കാതെയാണ് ഇവിടെ തള്ളിയിരിക്കുന്നത്. കളക്ട്രേറ്റിന് മുമ്പിലാണെങ്കിലും അധികൃതർ ഇത് കാണുന്നുണ്ടോ എന്ന് സംശയമാണ്.
ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ശുചിത്വമിഷന്റെയും നേതൃത്വത്തിൽ നടപ്പാക്കിയ പദ്ധതിയെന്ന രീതിയിൽ ഒരു ബോർഡുണ്ട് ഇവിടെ. മാലിന്യ സംസ്കരണ യൂണിറ്റായ മുഖം പദ്ധതിയെന്നാണ് അതിന് പേര് നൽകിയിരിക്കുന്നത്. വിവരവിജ്ഞാനപന വ്യാപനത്തിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് വർഷം മുമ്പാണ് ഈ പദ്ധതിയുടെ ബോർഡ് സ്ഥാപിച്ചത്. റിംഗ് കമ്പോസ്റ്റ് ഒഴിച്ചാൽ മറ്റ് സംസ്കരണ പദ്ധതിയൊന്നും ഇവിടില്ല. ഇങ്ങനെയോരു യൂണിറ്റ് ഇല്ലെന്ന് അധികൃതർ ഉറപ്പുപറയുന്നുമുണ്ട്. ബോർഡിൽ തിരുവല്ലയിലെ ഒരു സ്ഥാപനം ഇതിന്റെ പരിപാലനം ഏറ്റെടുത്തിട്ടുണ്ടെന്നും കാണിച്ചിട്ടുണ്ട്. യൂണിറ്റില്ലെങ്കിൽ ഇങ്ങനെയൊരു ബോർഡിന്റെ ആവശ്യകത എന്താണെന്ന് അറിയില്ല.
കളക്ട്രേറ്റ് പുതിയ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാൻ ശുചിത്വ സമിതി തീരുമാനിച്ചിട്ടുണ്ടെന്ന് അധികൃതർ പറയുന്നു. സർക്കാർ ഓഫീസുകളിലടക്കം ഗ്രീൻപ്രോട്ടോക്കോൾ നടപ്പാക്കാൻ കർശന നിർദേശമുള്ളപ്പോഴാണ് ഇത്രയധികം പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറയുന്നത്.
" കളക്ട്രേറ്റ് വളപ്പിൽ തുമ്പൂർമൂഴി മോഡൽ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാൻ ശുചിത്വ സമിതി തീരുമാനിച്ചിട്ടുണ്ട്. മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കും.
രശ്മി മോൾ,
ജില്ലാ ശുചിത്വമിഷൻ കോ ഒാർഡിനേറ്റർ