sabarimala

സന്നിധാനം കമാൻഡോ നിയന്ത്രണത്തിൽ

യുവതികളെ തടയാൻ സംഘപരിവാറിന്റെ അമ്മമാർ
പമ്പയിലും സന്നിധാനത്തും വ്യാപക തിരച്ചിൽ

കെ.പി.ശശികലയെ നിലയ്‌ക്കലിൽ തടഞ്ഞു

ശബരിമല: ചിത്തിര ആട്ടവിശേഷത്തിന് ശബരിമല നട തുറക്കുന്ന ഇന്ന് യുവതികൾ സന്നിധാനത്ത് വന്നാൽ തടയാൻ അൻപതു കഴിഞ്ഞ സ്ത്രീകളുടെ ചെറുസംഘങ്ങൾ എത്തും. സായുധ പൊലീസിന്റെ സുരക്ഷയാേടെ യുവതികളെ സന്നിധാനത്ത് എത്തിച്ചാൽ ഭക്തരെ ഉപയോഗിച്ച് ശരണം വിളിച്ചും വഴിയിൽ കിടന്നും പരമാവധി ചെറുത്തു നിൽക്കാനാണ് സംഘപരിവാർ സംഘടനകളുടെ നീക്കം. ഇതിനായി വിവിധ ജില്ലകളിൽ നിന്നുളള വനിതകളുടെ സംഘങ്ങളെയാണ് സന്നിധാനത്ത് എത്തിക്കുന്നത്. വ്രതാനുഷ്ഠാനങ്ങളോടെ ഇരുമുടിക്കെട്ടേന്തി ദർശനം നടത്താനാണ് അമ്മമാർ എത്തുക. പത്തും പതിനഞ്ചും വനിതകളുടെ സംഘങ്ങൾക്കൊപ്പം അവരുടെ കുടുംബാംഗങ്ങളായ പുരുഷൻമാരും ഹിന്ദുസംഘടനാ പ്രവർത്തകരും ഉണ്ടാകുമെന്നാണ് സൂചന.

ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ സന്നിധാനത്തേക്ക് പോകാനെത്തിയ ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികലയെ നിലയ്‌ക്കലിൽ പൊലീസ് തടഞ്ഞു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ കാണാൻ ശ്രമിച്ചെങ്കലും നടന്നില്ല. പമ്പയിലേക്കു പോകാൻ വീണ്ടും ശ്രമിച്ചെങ്കിലും പൊലീസ് വിലക്കിയതിനെ തുടർന്ന് തിരിച്ചുപോയി.

നിലയ്‌ക്കലും പമ്പയിലും സന്നിധാനത്തും പൊലീസ് സുരക്ഷാസന്നാഹങ്ങൾ ശക്തമാക്കി. ക്ഷേത്ര പരിസരത്ത് കമാൻഡോകൾ നിലയുറപ്പിച്ചു. ഇന്നലെ ഉച്ചമുതൽ തൃശൂരിൽ നിന്നുള്ള ഇന്ത്യൻ റിസർവ് ബറ്റാലിയനിലെ 75 കമാൻഡോകൾ സുരക്ഷാ ചുമതല ഏറ്റെടുത്തു. ഇവർക്ക് ഐ.ജി എം.ആർ. അജിത്കുമാർ നിർദ്ദേശങ്ങൾ നൽകി. സുരക്ഷാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ആറ് എക്‌സിക്യൂട്ടിവ് മജിസ്‌ട്രേട്ട്മാർക്ക് ചുമതല നൽകി. പമ്പയിലും സന്നിധാനത്തും എല്ലാ കെട്ടിടങ്ങളിലും പൊലീസ് ഇന്നലെ പലതവണ പരിശോധന നടത്തി. അയ്യപ്പസ്വാമിയുടെയും മാളികപ്പുറത്തെയും മേൽശാന്തിമാരുടെയും തന്ത്രിയുടെയും മുറികളിലൊഴികെ എല്ലായിടത്തും അരിച്ചുപെറുക്കി. പ്രതിഷേധക്കാർ ഉണ്ടോ എന്നറിയാൻ കടമുറികളിലും അന്നദാന മണ്ഡപങ്ങളിലും തിരച്ചിൽ നടത്തി. ഇവിടെയുളളവരുടെ തിരിച്ചറിയൽ കാർഡുകൾ പരിശോധിച്ചു. അയ്യപ്പസേവാ സംഘം, അയ്യപ്പ സേവാ സമാജം പ്രവർത്തകരെ ചോദ്യം ചെയ്തു.

നടപ്പന്തൽ, ബെയ്ലി പാലം, ഭസ്‌മക്കുളം ഭാഗങ്ങളും പരിശോധിച്ചു.

മരക്കൂട്ടം മുതൽ സന്നിധാനം വരെ 12 സ്ഥലങ്ങളിൽ മുഖം തിരിച്ചറിയുന്ന കാമറകൾ സ്ഥാപിച്ചു.

ദർശനത്തിന് യുവതികൾ എത്തിയാൽ സുരക്ഷ നൽകാൻ സായുധ പൊലീസിനൊപ്പം പമ്പയിൽ നിന്ന് അൻപത് വയസുകഴിഞ്ഞ വനിതാ പൊലീസുകാരെയും സന്നിധാനത്തേക്കു അയയ്‌ക്കും.

സ്വാമി അയ്യപ്പദാസ്, ക്ഷേതസംരക്ഷണ സമിതി സംഘടനാ സെക്രട്ടറി വി. കെ. വിശ്വനാഥൻ, ഹിന്ദുഐക്യവേദി നേതാക്കൾ, ആർ. എസ്. എസ് പ്രചാരക് കെ.കൃഷ്ണൻകുട്ടി, ബി.ജെ.പി നേതാക്കൾ തുടങ്ങിയവർ ഇന്ന് സന്നിധാനത്ത് എത്തുമെന്നറിയുന്നു.

പമ്പയിലേക്കുളള പാതകളിൽ ഇന്നലെയും പൊലീസ് പരിശോധന നടത്തി. നിലയ്ക്കലും പമ്പയിലും ജോലിക്കാരല്ലാത്ത ഒരാളെയും പ്രവേശിപ്പിക്കുന്നില്ല. വീടുകൾക്കു പുറത്തിറങ്ങിയ പ്രദേശവാസികളെയും പൊലീസ് ചോദ്യം ചെയ്‌തു. കെ.എസ്. ആർ. ടി.സി ബസുകളിൽ വന്ന ഏതാനും അയൽസംസ്ഥാന തീർത്ഥാടകരെ പൊലീസ് നിലയ്ക്കലിൽ ഇറക്കി. അവരെ ഇന്ന് പമ്പയിലേക്കു വിടും. വടശേരിക്കര മുതൽ പമ്പ വരെയുളള പ്രധാന സ്ഥലങ്ങളിൽ പത്തും പതിനഞ്ചും വീതം പൊലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്.