kuzhy

പന്തളം: വാട്ടർ അതോറിറ്റി പൈപ്പ് ലൈൻ അറ്റകുറ്റപ്പണിക്ക് വേണ്ടി കുഴിച്ച കുഴിയിൽ വീണ് സ്‌കൂട്ടർ യാത്രക്കാരിയായ മദ്ധ്യവയസ്‌കയ്ക്ക് പരിക്ക്. ഉള്ളന്നൂർ മോൻസി ഭവനിൽ തോമസിന്റെ ഭാര്യ മേരിക്കുട്ടി (49) യ്ക്കാണ് പരിക്കേറ്റത്.
മകൾ മോൻസിയോടൊപ്പം ചാരുംമൂട്ടിലെ കുടുംബ വീട്ടിൽ പോയി മടങ്ങുമ്പോൾ ഇന്നലെ രാത്രി 7.30 ന് പന്തളം ​- നൂറനാട് റോഡിൽ എൻ. എസ്.എസ് മെഡിക്കൽ മിഷൻ ആശുപത്രിയ്ക്ക് മുമ്പിലാണ് അപകടം. തലയ്‌ക്കേറ്റ പരിക്ക് ഗുരുതരമായതിനാൽ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
മാസങ്ങൾക്ക് മുമ്പ് വാട്ടർ അതോറിറ്റി പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് വേണ്ടി കുഴിച്ച കുഴിയാണിത്. പണി കഴിഞ്ഞിട്ടും പൂർണമായി മൂടാത്തതിനാൽ കുഴികളിൽ ഇരുചക്രവാഹനങ്ങൾ വീണ് അപകടം പതിവാണ്.