ശബരിമല: തുലാമാസ പൂജാ നാളുകളേക്കാൾ കനത്ത പൊലീസ് സന്നാഹം. യുവതികളെ തടയാൻ അന്നത്തേക്കാൾ കടുത്ത പ്രതിരോധ മുറ. ഇന്നും നാളെയും സമാധാനമായി കടന്നു കിട്ടുമാേയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. രണ്ട് എ.ഡി.ജി.പിമാരുടെ നേതൃത്വത്തിലാണ് ശബരിമലയിലെ സുരക്ഷാ ക്രമീകരണങ്ങൾ. 2300 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നതെങ്കിലും അതിലേറെയുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. തോക്കും ടിയർഗ്യാസും ജലപീരങ്കിയും ലാത്തിയുമായി പൊലീസ് അണിനിരന്നിരിക്കയാണ്.
പമ്പയ്ക്കും സന്നിധാനത്തിനുമിടയിൽ പൊലീസും പ്രതിരോധക്കാരും ഏറ്റുമുട്ടിയാൽ വൻ അത്യാഹിതം ഉറപ്പാണ്. പാെലീസ് നടപടിയിൽ നിന്ന് രക്ഷപ്പെടാൻ പ്രതിരോധക്കാർക്കുളള മാർഗങ്ങൾ കാനനപാതയുടെ ഇരു ഭാഗത്തേക്കും ഒാടുക മാത്രമാണ്. കൊക്കയും കൊടുംകാടുമാണ് ഇരുവശങ്ങളിലും. ഉൾക്കാടുകളിലേക്ക് ഒാടിയാൽ തിരിച്ചെത്താൻ വഴി തെറ്റിയേക്കും. ശബരിമലയുടെ ഭൂപ്രകൃതി മനസിലാക്കി പൊലീസ് പരമാവധി സംയമനം പലിക്കും. ദർശനത്തിന് സുരക്ഷ തേടി ഇന്ന് യുവതികൾ എത്തിയാൽ സുപ്രീംകോടതിയിൽ പുന:പരിശോധനാ ഹർജി പരിഗണിക്കുന്ന 13വരെ കാത്തിരുന്നുകൂടെ എന്ന് ഉപദേശിച്ചു നോക്കും. യുവതികൾ പിൻമാറുന്നില്ലെങ്കിൽ വലിയ പ്രതിഷേധവും സംഘർഷവും ഉണ്ടായേക്കുമെന്നും പരമാവധി സുരക്ഷ നൽകാമെന്നും പറയും. യുവതികൾ നിലപാടു മാറ്റിയില്ലെങ്കിൽ തുലാമാസ നാളുകളിലേത് പോലെ കനത്ത സുരക്ഷയിൽ പമ്പയിൽ നിന്ന് മല കയറ്റും. അൻപതു കഴിഞ്ഞ വനിതാ പൊലീസുകാരും ഒപ്പം കയറും.
തുലാമാസ പൂജ ദിവസങ്ങിൽ യുവതികളെ തടഞ്ഞവരിൽ ദർശനത്തിന് എത്തിയ ഭക്തരുമുണ്ടായിരുന്നു. ഇത്തവണയും ഭക്തർ തന്നെ മുന്നിട്ടിറങ്ങുമെന്നാണ് സംഘപരിവാറിന്റെ പ്രതീക്ഷ. സംഘടനാ ശക്തിയും പ്രയോഗിക്കും.