pdm-nss

പന്തളം: നാഷണൽ സർവ്വീസ് സ്‌കീമിന്റെ രജത ഭവനം പദ്ധതി​യി​ലൂടെ അഖിലിനും അനന്തുവിനും കുടുംബത്തിനും സുരക്ഷിതമായ വീടൊരുക്കി. പന്തളം എൻ.എസ്.എസ്. ഹയർസെക്കൻഡറി സ്​കൂളിലെ നാഷണൽ സർവ്വീസ് സ്​കീമിലെ കൂട്ടുകാരാണ് വീടൊരുക്കിയത്.
തോന്നല്ലൂർ ശാസ്താംവിള പടിഞ്ഞാറ്റേതിൽ ഗിരിജയുടെ മക്കളായ അഖിലും അനന്തുവും ഈ സ്​കൂളിലെ എൻ.എസ്.എസ് വോളണ്ടിയർമാരാണ്.
രോഗിയായ അച്ചനും അമ്മയും സഹോദരനും സഹോദരിയുമടങ്ങിയതാണ് ഇവരുടെ കുടുംബം. ചോർന്നൊലിക്കുന്ന കൊച്ചു കൂരയിൽ കഴിഞ്ഞിരുന്ന കുടുംബത്തിനെ സഹായിക്കാൻ സഹപാഠികൾ ഒരുങ്ങുകയായിരുന്നു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ജി. ജയശ്രീയുടെ നേതൃത്വത്തിലാണ് വീടിന്റെ പണി നടന്നത്. രജത ഭവനം എന്നു പേരിട്ടു മൂന്ന് കിടപ്പുമുറികളും അടുക്കളയുമുൾപ്പെടെ 420 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടാണു നിർമ്മിച്ചത്.
താക്കോൽദാനം എൻ.എസ്.എസ് ഡയറക്ടർ ബോർഡംഗം പന്തളം ശിവൻകുട്ടി നിർവ്വഹിച്ചു. നഗരസഭാ ചെയർപേഴ്‌​സൺ ടി.കെ.സതി അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കെ.ആർ.ഗീതാദേവി, നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർ ജി. ജയശ്രീ, സംസ്ഥാന കോ​ഓർഡിനേറ്റർ ജേക്കബ്​ ജോൺ, റീജിയണൽ കൺവീനർ സജി വർഗീസ്, ജില്ലാ കൺവീനർ ഇൻ ചാർജ്ജ് രാജിത്ത്, നഗരസഭാ കൗൺസിലർ പന്തളം മഹേഷ്, പി.ടി.എ പ്രസിഡന്റ് പ്രസന്നകുമാർ എന്നിവർ സംസാരിച്ചു.