പത്തനംതിട്ട: റീസർജന്റ് കേരള വായ്പാ പദ്ധതിയിൽ ആദ്യഘട്ടത്തിൽ ജില്ലയിൽ വായ്പ ലഭിച്ചത് 956 പേർക്ക്. നെടുമ്പ്രം, തോട്ടപ്പുഴശ്ശേരി, അയിരൂർ, പുറമറ്റം, കോയിപ്രം, വടശേരിക്കര, പെരുനാട്, മലയാലപ്പുഴ, അരുവാപ്പുലം എന്നീ സി.ഡി.എസുകളിൽ നിന്ന് ലഭിച്ച അപേക്ഷകൾ പരിഗണിച്ചാണ് വായ്പാ വിതരണം ആരംഭിച്ചിരിക്കുന്നത്. വായ്പ ലഭിക്കുന്നതിനായി നിരവധി അപേക്ഷകളാണ് അയൽക്കൂട്ടങ്ങളിൽ നിന്നും സി.ഡി.എസുകൾക്ക് ലഭിച്ചത്. 105 അയൽക്കൂട്ടങ്ങളിലെ 956 പേർക്ക് 7.96 കോടി രൂപയാണ് ഈ ഘട്ടത്തിൽ വിതരണം ചെയ്തത്.
റീസർജന്റ് കേരള ലോൺ സ്‌കീം
പ്രളയബാധിതർക്ക് കൈത്താങ്ങാകുന്നതിന് സർക്കാർ കുടുംബശ്രീ വഴി ആവിഷ്‌കരിച്ച് നടപ്പാക്കുന്ന വായ്പ പദ്ധതിയാണ് റീസർജന്റ് കേരള ലോൺ സ്‌കീം. വീട്ടുപകരണങ്ങൾ, ജീവനോപാധികൾ തുടങ്ങിയവയ്ക്ക് നാശനഷ്ടം സംഭവിച്ചവർക്ക് അത് ലഭ്യമാക്കുവാനും പ്രളയത്തിൽ വീടുകൾക്ക് ഉണ്ടായ ചെറിയ അറ്റകുറ്റപണികൾ നിർവ്വഹിക്കുന്നതിനും വേണ്ടി ഒരു ലക്ഷം രൂപ വരെ പലിശരഹിത വായ്പയായി ലഭ്യമാക്കുന്നതാണ് പദ്ധതി. വായ്പയുടെ ഒമ്പത് ശതമാനം വരെയുള്ള പലിശ സർക്കാർ വഹിക്കും.
ജില്ലയിലെ 1969 അയൽക്കൂട്ടങ്ങളെയായിരുന്നു പ്രളയക്കെടുതി ബാധിച്ചത്. സർക്കാർ പ്രഖ്യാപിച്ച ഒറ്റത്തവണ ആശ്വാസ ധനസഹായമായ 10000 രൂപയ്ക്ക് അർഹരായ പ്രകൃതിക്ഷോഭബാധിത പ്രദേശങ്ങളിലെ കുടുംബശ്രീ അംഗമായ കുടുംബനാഥയ്ക്ക് ആണ് വായ്പയ്ക്ക് അർഹത. കുടുംബശ്രീ അംഗങ്ങളല്ലാത്തവർക്ക് അവരുടെ തൊട്ടടുത്തുള്ള അയൽക്കൂട്ടത്തിൽ അംഗമായ ശേഷം വായ്പയ്ക്ക് അപേക്ഷിക്കാനുള്ള അവസരവുമുണ്ടായിരുന്നു. ആദ്യ ഘട്ടത്തിൽ അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്ക് ഡിസംബർ 31 വരെ വായ്പയ്ക്ക് അപേക്ഷിക്കാൻ കഴിയും.
വായ്പ വിതരണം നടത്തിയ ബാങ്കുകൾ
മാരാമൺ, നെടുമ്പ്രം, കോയിപ്രം സഹകരണ ബാങ്കുകൾ, അയിരൂർ, പുറമറ്റം, വടശ്ശേരിക്കര, പെരുനാട്, കോന്നി എന്നിവിടങ്ങളിൽ ജില്ലാ സഹകരണ ബാങ്ക്, കേരള ഗ്രാമീൺ ബാങ്ക് പുറമറ്റം, വടശ്ശേരിക്കര ഫെഡറൽ ബാങ്ക്.
വായ്പാവിതരണം
അയൽക്കൂട്ടങ്ങൾ:105
വായ്പ ലഭിച്ചവർ: 956
വിതരണം ചെയ്തത്: 7.96 കോടി
36 മുതൽ 48 മാസം വരെയാണ് വായ്പ തിരിച്ചടവ് കാലാവധി.