women-4
ചിത്തിര ആട്ടവിശേഷത്തിന് ശബരിമല നടതുറക്കുന്നതിന്റെ ഭാഗമായി സന്നിധാനത്ത് എത്തിയ വനിതാ പൊലീസ് ഉദ്യോഗസ്ഥർ. ചരിത്രത്തിലാദ്യമായാണ് വനിതാ പൊലീസ് ഉദ്യോഗസ്ഥർ സന്നിധാനത്ത് ഡ്യൂട്ടിക്ക് എത്തുന്നത്

ശബരിമല: ചിത്തിര ആട്ടവിശേഷത്തിന് ശബരിമല നട ഇന്നലെ തുറന്നപ്പോൾ തുലാമാസക്കാലത്തേതുപോലെ സംഘർഷാവസ്ഥയാണ് നിലനിൽക്കുന്നത്. പൊലീസും യുവതീപ്രവേശനത്തെ എതിർക്കുന്നവരും പോർമുഖം തുറന്നപോലെ നിൽക്കുന്നു. ശബരിമല ദർശനത്തിന് പോകണമെന്നാവശ്യപ്പെട്ട് ചേർത്തല തെക്ക് പഞ്ചായത്തിൽ നിന്ന് അഞ്ജു എന്ന മുപ്പതുകാരിയും ഭർത്താവും രണ്ടു കുട്ടികളുമായെത്തിയതിനെ തുടർന്ന് നൂറിലേറെ ആളുകൾ പമ്പ ഗണപതി കോവിലിനു സമീപത്തെ ആഞ്ജനേയ ഒാഡിറ്റോറിയത്തിലിരുന്ന് പ്രതിഷേധ ശരണം വിളി നടത്തി. യുവതിയെ സന്നിധാനത്തേക്കു വിടില്ലെന്ന് ഉറപ്പു നൽകണമൊന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.

ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ. പി. ശശികല ടീച്ചറും മുതിർന്ന ആർ. എസ്. എസ് പ്രചാരക് കെ.കൃഷ്ണൻകുട്ടിയും പ്രതിഷേധത്തിനു നേതൃത്വം നൽകി. ഇൗ സമയം വനിതാ പൊലീസ് ഉൾപ്പെടെയുളളവർ സുരക്ഷാ കവചവും ഹെൽമറ്റും ധരിച്ച് ലത്തി കൈയിലെടുത്തതോടെ പ്രതിഷേധക്കാർ രോഷാകുലരായി.

എെ.ജി. അശോക് യാദവും എസ്.പി രാഹുൽ ആർ. നായരും നേതാക്കളുമായി ചർച്ച നടത്തിയതിനെ തുടർന്നാണ് രംഗം ശാന്തമായത്. യുവതിയുടെ പശ്ചാത്തലം അന്വേഷിക്കുകയാണെന്നും സന്നിധാനത്തേക്ക് കൊണ്ടുപോകുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു. എന്നാൽ, പ്രതിഷേധക്കാർ പിരിഞ്ഞുപോകാതെ പമ്പയിൽ തന്നെ കഴിയുകയാണ്. യുവതിയെയും കുടുംബത്തെയും പമ്പയിലെ പൊലീസ് കൺട്രോൾ റൂമിലാക്കി. തങ്ങൾക്ക് സന്നിധാനത്തേക്കു പോകണമെന്ന നിലപാടിലാണ് യുവതിയും കുടുംബവും.

ഇതിനിടെ, സന്നിധാനത്ത് ചോറൂണിന് കൊണ്ടുപോകാൻ ആറുമാസം പ്രായമുളള കുഞ്ഞുമായി തൃശൂരിൽ നിന്ന് എത്തിയ കുടുംബത്തെ ശരണം വിളിച്ച് തടഞ്ഞു. കുട്ടിയുടെ അമ്മ സന്നിധാനത്തേക്കു പോകുന്നില്ലെന്ന് ബന്ധുക്കൾ അറിയിച്ചതിനെ തുടർന്നാണ് പ്രതിഷേധക്കാർ പിൻമാറിയത്.

നിരോധനാജ്ഞ നിലനിൽക്കുന്ന സ്ഥലമായ പമ്പയിൽ നൂറിലേറെ ആളുകൾ തമ്പടിച്ചിട്ടും ഒഴിപ്പിക്കാതെ പൊലീസ് സംയമനം പാലിക്കുകയാണ്.

ദർശനത്തിന് എത്തിയത് ഇരുപത് ഇരട്ടി

ഇത്തവണ യഥാർത്ഥ ഭക്തരെക്കാൾ കൂടുതൽ പ്രതിഷേധക്കാരാണ് ശബരിമലയിലും പമ്പയിലും തമ്പടിച്ചിട്ടുളളത്. കഴിഞ്ഞ വർഷം ചിത്തിര ആട്ടവിശേഷത്തിന് അഞ്ഞൂറിൽ താഴെ ഭക്തരാണ് ദർശനത്തിന് എത്തിയിരുന്നത്. ഇത്തവണ ഇരുമുടിക്കെട്ടേന്തി ദർശനത്തിന് സന്നിധാനത്തേക്കു മല ചവിട്ടിയവർ പതിനായിരത്തോളമെത്തിയെന്നാണ് പമ്പയിലെ മെറ്റൽഡികട്റിൽ രാത്രി ഏഴുവരെ രേഖപ്പെടുത്തിയത്.

ആർ.എസ്.എസ് ദേശീയ കാര്യകാരി സദസ്യൻ ജെ. നന്ദകുമാർ, സംസ്ഥാന കാര്യകാരി സദസ്യൻ വത്സൻ തില്ലങ്കേരി, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറമാരായ എം.ടി. രമേശ്, കെ.സുരേന്ദ്രൻ തുടങ്ങിയവർ സന്നിധാനത്തുണ്ട്.