crowd
crowd

ശബരിമല: പൊലീസ് ഏർപ്പെടുത്തിയ ശക്തമായ നിയന്ത്രണങ്ങൾക്കിടെ ചിത്തിര ആട്ടവിശേഷത്തിനായി ശബരിമലനട തുറന്നു. ഇന്നലെ വൈകിട്ട് 5ന് തന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി എ.വി.ഉണ്ണികൃഷ്ണൻ നമ്പൂതിരിയാണ് ശ്രീകോവിൽ നടതുറന്നത്. അയ്യപ്പസ്വാമിയെ ധ്യാനനിദ്രയിൽ നിന്ന് ഉണർത്തി ശ്രീലകത്ത് ദീപം തെളിച്ചു. തുടർന്ന് മാളികപ്പുറം ക്ഷേത്രനടയുടെ താക്കോൽ മേൽശാന്തിയിൽ നിന്ന് മാളികപ്പുറം മേൽശാന്തി അനീഷ് നമ്പൂതിരി ഏറ്റുവാങ്ങി. ചിത്തിര ആട്ടവിശേഷത്തിന് ഇക്കുറി പതിവിൽ കവിഞ്ഞ തിരക്കാണ് അനുഭവപ്പെട്ടത്. പൊലീസിന്റെ വിലക്കിനെ മറികടന്ന് ആയിരക്കണക്കിന് സംഘപരിവാർ പ്രവർത്തകർ ഇരുമുടിക്കെട്ടുമേന്തി എത്തിയതാണ് തിരക്ക് വർദ്ധിക്കാൻ കാരണം.

മരക്കൂട്ടത്തുനിന്ന് തീർത്ഥാടകരെ ശരംകുത്തിവഴി ക്യൂവായാണ് കയറ്റി വിടുന്നത്. ദർശനം നടത്തിയവർ സന്നിധാനത്ത് തങ്ങാതിരിക്കാൻ നടപ്പന്തൽ, താഴെതിരുമുറ്റം എന്നിവിടങ്ങളിൽ വിരിവയ്ക്കാൻ അനുവദിക്കുന്നില്ല. എക്സിക്യൂട്ടീവ് ഒാഫീസിന്റെ മുന്നിലും പ്രവേശനം നിഷേധിച്ചു. ദേവസ്വം ബോർഡ് ഭക്തർക്ക് മുറികൾ വാടകയ്ക്ക് നൽകുന്നില്ല.

യുവതികൾ പ്രവേശിച്ചാൽ ശക്തമായ പ്രതിരോധം സൃഷ്ടിക്കുകയെന്ന ഉറച്ച തീരുമാനത്തിലാണ് സംഘപരിവാർ പ്രവർത്തകർ. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ ഉൾപ്പെടെ അരഡസനിലധികം നേതാക്കൾ സന്നിധാനത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഇന്നത്തെ നിത്യപൂജയുടെ രസീത് വാങ്ങിയാണ് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ തങ്ങുന്നത്. അതിനാൽ മടങ്ങിപോകണമെന്ന നിർദ്ദേശം പൊലീസിനും നൽകാനാകുന്നില്ല. ദേവസ്വം ബോർഡ് മെമ്പർ കെ.പി.ശങ്കരദാസ്, കമ്മിഷണർ എൻ.വാസു എന്നിവരും സന്നിധാനത്ത് എത്തിയിട്ടുണ്ട്.