ശബരിമല: നിലയ്ക്കൽ മുതൽ സന്നിധാനം വരെ പൊലീസ് പഴുതടച്ച സുരക്ഷ സന്നാഹമൊരുക്കിയെങ്കിലും ഞായറാഴ്ച രാത്രിയും ഇന്നലെ പുലർച്ചെയുമായി നൂറോളം പ്രതിഷേധക്കാർ സന്നിധാനത്ത് എത്തി. ശബരിമല പാതകളിൽ പൊലീസിനെ വിന്യസിക്കുന്നതിനു മുൻപേ പമ്പയിലും നിലയ്ക്കലിലും തമ്പടിച്ചവരാണ് ഇരുട്ടിലൂടെ സന്നിധാനത്തേക്കു കടന്നത്. നിലയ്ക്കിലിൽ നിന്നുളള പ്രധാന റോഡിലൂടെ പോകാതെ അട്ടത്തോട്ടിൽ നിന്ന് വനത്തിലൂടെയുളള തിരുവാഭരണ പാത വഴിയാണ് പ്രതിഷേധക്കാർ സന്നിധാനത്ത് എത്തിയത്. ഇവരെ സഹായിക്കാനും കൊടുംവനത്തിലൂടെ പമ്പയാർ മുറിച്ചുകടന്നുളള വഴികാട്ടാനുമായി പ്രദേശവാസികളുമുണ്ടായിരുന്നു. സന്നിധാനത്തിനു സമീപം കഴിഞ്ഞ ഇവർ ഇന്നലെ പുലർച്ചെ നടപ്പന്തൽ, ഭസ്മക്കുളം ഭാഗങ്ങളിൽ ചെറുസംഘങ്ങളായി ഇരുമുടിക്കെട്ടുമായി പ്രത്യക്ഷപ്പെട്ടു. ഇവരെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കേണ്ടെന്ന നിലപാടിലായിരുന്നു പൊലീസ്.