പത്തനംതിട്ട : രാജ്യം കണ്ട ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമാണ് ശബരിമലയിൽ നടന്നതെന്നും ഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ അടക്കം സർക്കാർ നിഷേധിച്ചിരിക്കുകയാണെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിനെതിരെ കേന്ദ്ര മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. ശബരിമലയിലെ ലോ ആൻഡ് ഓർഡർ സാഹചര്യം കണക്കിലെടുത്ത് ഗവർണർക്കും പരാതി നൽകി. ശബരിമലയിൽ ഇത്രയധികം പൊലീസിനെ വിന്യസിക്കാൻ തക്ക ക്രമസമാധാന പ്രശ്നങ്ങൾ ഒന്നുമില്ല. മാദ്ധ്യമങ്ങൾക്ക് നേരെ ആക്രമം നടന്നിട്ടുണ്ടെങ്കിൽ അത് അപലപനീയമാണ്. തന്ത്രി നിയമോപദേശം തേടിയ സംഭവത്തിൽ പ്രതികരിക്കാനില്ല. കേസ് എടുത്തിട്ടുണ്ടെങ്കിൽ നിയമം അതിന്റെ വഴിക്ക് പോകും.വത്സൻ തില്ലങ്കേരിയടക്കമുള്ള ആർ.എസ്.എസ് പ്രവർത്തകരെ ക്രിമിനൽ എന്ന് വിളിച്ച എം.വി ഗോവിന്ദൻ മാസ്റ്റർക്ക് തന്നെയാണ് ആ തൊപ്പി ചേരുന്നതെന്നും പി.എസ് ശ്രീധരൻ പിള്ള പറഞ്ഞു.
പതിനെട്ടാം പടിയിൽ ഇരുമുടിക്കെട്ട് എടുത്തവർ മാത്രമേ കയറാൻ പാടുള്ളുവെന്ന ആചാരം പാലിക്കപ്പെടേണ്ടതില്ലേ എന്ന് മാദ്ധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ പതിനെട്ടാം പടിയിലെ ആചാരങ്ങളെക്കുറിച്ചറിയില്ലെന്നായിരുന്നു പി.എസ് ശ്രീധരൻ പിള്ളയുടെ മറുപടി. ശബരിമലയിൽ പാലിക്കേണ്ട ആചാരങ്ങളെപ്പറ്റി എവിടെയും എഴുതിവച്ചിട്ടില്ല. അത് കാലങ്ങളായി ഭക്തർ പാലിച്ചു പോരുന്നതാണെന്നും അദ്ദേഹം പറഞ്ഞു