nalini-1-
ചിത്തിര ആട്ടതിരുനാൾ വിശേഷാൽ പൂജയ്ക്ക് നട തുറന്ന ശബരിമലയിൽ പ്രായത്തിൽ സംശയം തോന്നിയതിനെത്തുടർന്ന് അയ്യപ്പന്മാർ തടഞ്ഞ തൃശൂർ സ്വദേശിനി ലളിതയെ സന്നിധാനത്തേയ്ക്ക് കൊണ്ട് പോകുന്നു

ശബരിമല: യുവതികൾ ദർശനത്തിനെത്തിയെന്ന അഭ്യൂഹത്തെ തുടർന്ന് ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരി ഉൾപ്പെടെയുള്ള സംഘപരിവാർ പ്രവർത്തകർ പൊലീസിനെ തള്ളിമാറ്റി ആചാരലംഘനം നടത്തി കുറെ സമയം പതിനെട്ടാംപടിയുടെ നിയന്ത്രണം ഏറ്റെടുത്തു. ഇന്നലെ രാവിലെ 7 മണിയോടെ പേരക്കുട്ടിയുടെ ചോറൂണിനായി തൃശൂരിൽ നിന്ന് എത്തിയ 52 കാരി ലളിതയും കുടുംബാംഗങ്ങളും സന്നിധാനത്തേക്ക് എത്തിയതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം. ലളിതയുടെ പ്രായത്തിൽ സംശയം തോന്നിയ സംഘപരിവാർ പ്രവർത്തകർ നടപ്പന്തലിൽ തടയുകയായിരുന്നു. തുടർന്നുണ്ടായ സംഘർഷാവസ്ഥയ്ക്കിടെ 20 ഒാളം സംഘപരിവാർ പ്രവർത്തകർ 18-ാം പടിയിലേക്ക് ഒാടിക്കയറി. പടിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാരെ തള്ളിമാറ്റി. താഴത്തെ നാലുപടികളിൽ കയറി ഇരുന്നു. ഇവർക്കാർക്കും ഇരുമുടിക്കെട്ട് ഇല്ലായിരുന്നു. ഇതിൽ ഒരാൾ പതിനെട്ട് പടികളും ചാടിക്കയറി മുകളിൽ കൊടിമരച്ചുവട്ടിൽ എത്തിയശേഷം തിരികെ താഴേക്കിറങ്ങുകയും ചെയ്തു. ഇയാൾക്കും ഇരുമുടിക്കെട്ട് ഇല്ലായിരുന്നു. ഇതിനിടെയാണ് സോപാനത്ത് ദർശനം നടത്തിക്കൊണ്ടിരുന്ന വത്സൻ തില്ലങ്കേരി തിരികെ ഇറങ്ങി നാലാമത്തെ പടിയിൽ കയറിനിന്ന് പ്രവർത്തകരെ ശാന്തരാക്കാൻ ശ്രമം നടത്തിയത്. പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ നോക്കിനിൽക്കെയായിരുന്നു ആചാരലംഘനം അരങ്ങേറിയത്. ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറരുതെന്ന് വർഷങ്ങളായി നിലനിന്ന ആചാരമാണ് ഇതോടെ ലംഘിക്കപ്പെട്ടത്. സംഘപരിവാർകാരെ ശാന്തരാക്കൻ പൊലീസ് വത്സൻ തില്ലങ്കേരിയുടെ സഹായം തേടുകയും സംസാരിക്കാനായി മെഗാഫോൺ വിട്ടുനൽകുകയും ചെയ്തു.

റിപ്പോർട്ട് സമർപ്പിക്കാൻ

നിർദ്ദേശം

ദേവസ്വം വിജിലൻസിന്റെ സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ സന്നിധാനത്തുണ്ടായിരുന്ന ദേവസ്വം കമ്മിഷണർ എൻ. വാസു ശബരിമല എക്സിക്യൂട്ടിവ് ഒാഫീസർ സുധീഷ് കുമാറിന് നിർദ്ദേശം നൽകി. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ശബരിമല സ്പെഷ്യൽ കമ്മിഷണറും വ്യക്തമാക്കി.

" ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി കയറിയതിന് തൊട്ടുപിന്നാലെ ബഹളം കേട്ട് സോപാനത്ത് നിന്ന് സ്റ്റാഫ് ഗേറ്റ് വഴി പുറത്തിറങ്ങിയ ശേഷമാണ് പ്രവർത്തകരെ ശാന്തരാക്കാൻ മൂന്ന് പടികൾ കയറി നിന്നത്. "

വത്സൻ തില്ലങ്കേരി

ആർ.എസ്.എസ് നേതാവ്