ശബരിമല: കൈക്കുഞ്ഞിനൊപ്പം ചോറൂണിനെത്തിയ സംഘത്തിലെ വീട്ടമ്മയുടെ പ്രായത്തെ ചൊല്ലിയുണ്ടായ ബഹളം സന്നിധാനത്തെ ഒരു മണിക്കൂറോളം സംഘർഷഭൂമിയാക്കി. സംഘപരിവാർ പ്രവർത്തകരാണ് പൊലീസിനും മാദ്ധ്യമപ്രവർത്തകർക്കും നേരെ അക്രമം അഴിച്ചുവിട്ടത്. ദർശനത്തിന് എത്തിയ തൃശൂർ മുളങ്കുന്നത്തുകാവ് തടപ്പറമ്പ് വടക്കോട്ട് ഹൗസിൽ ലളിത (52), സഹോദരീ പുത്രൻ മൃദുൽ (23) എന്നിവർക്ക് മർദ്ദനമേറ്റു. പ്രതിഷേധം പകർത്തിയ അമൃതാ ടി.വി കാമറാമാൻ ബിജുവിനെ തേങ്ങകൊണ്ട് തലയ്ക്ക് അടിച്ചു. മാതൃഭൂമി കാമറാമാൻ വിഷ്ണു, റിപ്പോർട്ടർ ബിജു പങ്കജ്, ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർമാരായ ഡി. ബിനോയ്, അനൂപ് എന്നിവർക്ക് അടികൊടുത്തു. ന്യൂസ് 18 ചാനലിന്റെ കാമറയുടെ ട്രൈപോഡ് തകർത്തു. അക്രമത്തിന്റെ പേരിൽ കണ്ടാൽ അറിയാവുന്ന 150 പേർക്കെതിരെ സന്നിധാനം പൊലീസ് കേസ് എടുത്തിട്ടുണ്ട്.
ഇന്നലെ രാവിലെ 7 മണിക്കാണ് സംഭവങ്ങൾ അരങ്ങേറിയത്. മർദ്ദനമേറ്റ ലളിതയുടെ മകൻ വിനീഷിന്റെ ആറു മാസം പ്രായമുള്ള കുഞ്ഞിന് ചോറൂണിനായി എത്തിയതായിരുന്നു 14 അംഗസംഘം. ഇവർ നടപ്പന്തലിൽ പ്രവേശിച്ചതോടെയാണ് സംഘത്തിലെ മൂന്ന് സ്ത്രീകളിൽ ലളിതയുടെ പ്രായത്തിൽ സംശയം പ്രകടിപ്പിച്ച് പ്രതിഷേധം ഉയർന്നത്. സ്ത്രീകൾക്ക് ചുറ്റും പൊലീസ് വലയം തീർത്തെങ്കിലും ഉച്ചത്തിൽ ശരണം വിളിച്ച് സംഘപരിവാർ പ്രവർത്തകർ ഒാടിക്കൂടി. ഇതിനിടെ മൃദുലിനെയും ലളിതയെയും വളഞ്ഞിട്ട് മർദ്ദിച്ചു. ഇവരെ സംരക്ഷിക്കുന്നതിനിടെ പൊലീസിനും മർദ്ദനമേറ്റു. കമാൻഡോകൾ എത്തി മൃദുലിനെ രക്ഷപ്പെടുത്തി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. ലളിതയെയും മറ്റുള്ളവരെയും സന്നിധാനം ഗവ. ആശുപത്രിയിലേക്ക് മാറ്റി വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. പ്രതിഷേധക്കാരിൽ ഒരുസംഘം ഇതോടെ പതിനെട്ടാംപടികയറി നിയന്ത്രണം ഏറ്റെടുത്തു. മറ്റൊരുസംഘം പൊലീസ് സ്റ്റേഷൻ കവാടത്തിലും പ്രതിരോധം തീർത്തു.
ലളിതയ്ക്ക് 52 വയസ് ഉണ്ടെന്ന് തെളിയിക്കാൻ ആധാർ കാണിച്ചതോടെയാണ് പ്രതിഷേധത്തിന് അയവ് വന്നത്. ഒടുവിൽ പൊലീസിന്റെ സഹായത്തോടെ ഇവർക്ക് ദർശനത്തിന് വഴിയൊരുക്കി. മൂവായിരത്തിലധികം സംഘപരിവാർ പ്രവർത്തകരാണ് രണ്ടുദിവസമായി സന്നിധാനത്ത് ക്യാമ്പ് ചെയ്തത്.