മല്ലപ്പള്ളി: നേടിയെടുത്ത അവകാശങ്ങൾ തിരിച്ചെടുക്കാനുള്ള ഗൂഢനീക്കത്തിനെതിരെ ജാഗ്രത വേണമെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഡോ. ഗീവറുഗീസ് മാർ കൂറീലോസ് മെത്രാപ്പോലീത്താ. അയ്യൻകാളിയുടെ വില്ലുവണ്ടിയാത്രാ വിപ്ലവത്തിൻറെ 125-ാം വാർഷിക ആഘോഷത്തോട് അനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആചാരങ്ങളും അനുഷ്ഠാനങ്ങളും കാലത്തിന് അനുയോജ്യമായ രീതിയിൽ മാറ്റിയെടുത്തത് ചരിത്രപരവും ഐതിഹാസികമായ സമരപരമ്പരകളിലൂടെയാണ്. അതിലൂടെ കൈവന്നതാണ് അധസ്ഥിത ജനതയ്ക്ക് ഇന്നുണ്ടായ നേട്ടങ്ങൾ. ജാതിയുടെ വേർതിരിവുകളിലൂടെ വ്യവസ്ഥകളെ പിന്നോട്ടടിക്കുവാനുള്ള നീക്കം പ്രതിലോമകരമാണെന്ന് അദ്ദേഹം പറഞ്ഞു. സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ എസ്. പ്രദീപ് കുമാർ അദ്ധ്യക്ഷനായിരുന്നു. പ്രൊഫ. ടോണി മാത്യു മുഖ്യപ്രഭാഷണം നടത്തി. സ്വാഗതസംഘം ജനറൽ കൺവീനർ മനോജ് കുമാരസ്വാമി, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ റെജി ശാമുവേൽ, എം.എസ്. സുജാത, എൻ.സി. രാജപ്പൻ, കെ.ടി. യോഗീദാസ് എന്നിവർ പ്രസംഗിച്ചു.