sabarimala-protest
ചിത്തിര ആട്ടതിരുനാൾ വിശേഷാൽ പൂജയ്ക്ക് നട തുറന്ന ശബരിമലയിൽ ദർശനത്തിനെത്തിയ ഭക്തയുടെ പ്രായത്തിൽ സംശയം തോന്നിയതിനെത്തുടർന്ന് സന്നിധാനം പൊലീസ് സ്റ്റേഷന് മുന്നിൽ തടിച്ച് കൂടിയ പ്രതിഷേധക്കാർ

ശബരിമല: സന്നിധാനത്തേക്കു ഭക്തരെ കയറ്റിവിട്ട തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മുതൽ ഇന്നലെ രാത്രി ഏഴുവരെ 14492 ആളുകളെ പമ്പയിലെ മെറ്റൽ ഡിറ്റക്ടർ വഴി കടത്തിവിട്ടിരുന്നു. ഇവരിൽ പതിനൊന്നായിരത്തോളം ആളുകൾ പ്രതിഷേധക്കാരാണെന്ന് പൊലീസ് കരുതുന്നു. ശബരിമലയിൽ സംഘർഷം ഒഴിവാക്കാൻ പൊലീസ് സംയമനം പാലിച്ച് പിൻവലിയുകയായിരുന്നു.

യുവതീ പ്രവേശനത്തെ പ്രതിരോധിക്കാൻ വിവിധ ജില്ലകളിൽ നിന്നായി പതിനായിരത്തിലേറെ സംഘപരിവാർ പ്രവർത്തകരാണ് സന്നിധാനത്തും പമ്പയിലുമായി തമ്പടിച്ചത്. ആർ.എസ്.എസ് നേതൃത്വം കൃത്യമായി ആസൂത്രണം ചെയ്ത കാര്യങ്ങളാണ് അരങ്ങേറിയത്. ഇരുമുടിക്കെട്ടുമായി പ്രവർത്തകരുടെ നൂറോളം പേർ വീതമുള്ള സംഘങ്ങൾ ഇന്നലെ വൈകിട്ടു വരെ വിവിധ സമയങ്ങളിലായി മല കയറി.

ഇരുമുടിക്കെട്ടുമായി വന്നവർ പ്രതിഷേധക്കാരാണോ ഭക്തരാണോ എന്നു പരിശോധിക്കാൻ തുടങ്ങിയാൽ വലിയ സംഘർഷമാകുമെന്ന് മനസിലാക്കി പൊലീസ് പിന്മാറുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് ശബരിമലയിൽ കണ്ട കർശന സുരക്ഷാപരിശോധന ഇന്നലെ രാവിലെ അയഞ്ഞു. പമ്പയിൽ മുഖ്യമന്ത്രിക്കെതിരെ നാമജപ പ്രതിഷേധവും നടന്നു. പ്രവർത്തകരെ നിയന്ത്രിക്കാൻ സംഘപരിവാർ നേതാക്കളെ രണ്ടു സംഘങ്ങളായി വിന്യസിച്ചു. ആർ.എസ്.എസ് ദേശീയ കാര്യകാരി സദസ്യൻ ജെ. നന്ദകുമാർ, സംസ്ഥാന കാര്യകാരി സദസ്യൻ വത്സൻ തില്ലങ്കേരി, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.ടി. രമേശ്, കെ. സുരേന്ദ്രൻ എന്നിവർ സന്നിധാനത്ത് തങ്ങി.

ഒരു കുടുംബത്തിനു നേരെയും മാദ്ധ്യമപ്രവർത്തകർക്കു നേരെയും ആക്രമണമുണ്ടായി. പ്രവർത്തകരെ നിയന്ത്രിക്കാൻ വത്സൻ തില്ലങ്കേരിക്ക് പൊലീസിന്റെ മെഗാഫോൺ നൽകേണ്ടിവന്നു.