ശബരിമല: ചിത്തിര ആട്ടവിശേഷത്തിന് തിങ്കളാഴ്ച നട തുറന്നപ്പോൾ മുതൽ തീർത്ഥാടകർ അനുഭവിച്ചത് വലിയ ദുരിതം. വാഹനങ്ങൾ തടഞ്ഞും തിരിച്ചറിയൽ വിവരങ്ങൾ ചോദിച്ചും നടത്തിയ സുരക്ഷാ പരിശോധനയിലൂടെയാണ് തീർത്ഥാടകർ കടന്നുപോയത്. പ്രതിഷേധക്കാരെ കണ്ടെത്തി ഒഴിവാക്കാൻ പൊലീസ് നടത്തിയ പരിശോധന നിലയ്ക്കൽ മുതൽ സന്നിധാനം വരെ അഞ്ചിടങ്ങളിലായി ഉണ്ടായിരുന്നു. അതെല്ലാം മറികടന്ന് പ്രതിഷേധക്കാർ സന്നിധാനത്ത് എത്തുകയും ചെയ്തു. പരിശോധനയ്ക്കെതിരെ പലയിടങ്ങളിലും ഭക്തർ പ്രതിഷേധിക്കുകയും ചെയ്തു. നിലയ്ക്കലിൽ കെ.എസ്.ആർ.ടി.സി ബസിൽ കയറിയ തീർത്ഥാടകരുടെ പേരും വിലാസവും പൊലീസ് ചോദിച്ചതും പ്രതിഷേധത്തിനിടയാക്കി. സ്വകാര്യവാഹനങ്ങളിൽ എത്തിയവരുടെ പേരും വിലാസവും ഫോൺനമ്പരും രേഖപ്പെടുത്തിയശേഷമാണ് കടത്തിവിട്ടത്.
ഇന്നലെ സന്നിധാനത്ത് ആവശ്യത്തിന് കുടിവെള്ളമുണ്ടായിരുന്നില്ല. ശുചിമുറികൾ തുറന്നു കൊടുത്തില്ലെന്നും ആക്ഷേപമുയർന്നു. പമ്പയിലും സന്നിധാനത്തും തുലാമാസ പൂജയ്ക്ക് തുറന്നിരുന്ന കടകൾ ഇന്നലെ അടഞ്ഞുകിടന്നു.
സന്നിധാനത്ത് ശുചിമുറികളിലും കുടിവെള്ള പൈപ്പുകളിലും വെളളം എത്തിയില്ല. പ്രതിഷേധക്കാർ ഒഴിഞ്ഞുപോകാൻ വേണ്ടി ജലവിതരണം മുടക്കിയതാണെന്നും ആക്ഷേപമുണ്ടായി. പൊലീസിനോടു പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല.
ചില ശുചിമുറികളും പൈപ്പുലൈനുകളും അറ്റകുറ്റപ്പണി നടത്താനായി പൂട്ടിയതാണെന്ന് ദേവസ്വം അധികൃതർ പറഞ്ഞു.
സന്നിധാനത്തും പമ്പയിലും ഗസ്റ്റ് ഹൗസുകളിലെയും മറ്റ് കെട്ടിടങ്ങളിലെയും വാടക മുറികൾ പൊലീസ് എതിർത്തതിനാൽ തീർത്ഥാടകർക്ക് നൽകിയില്ല.
സന്നിധാനത്ത് വിരി വയ്ക്കാൻ പൊലീസ് അനുമതി നൽകാതിരുന്നതും പ്രതിഷേധത്തിനിടയാക്കി. എന്നാൽ, സംഘപരിവാർ പ്രവർത്തകർ സംഘടിതമായി വിരിവച്ച് കിടന്നു.