തിരുവല്ല: ആർഭാടങ്ങൾക്ക് ഒരു കുറവും ഇല്ലാതെ കോടികൾ ചെലവഴിച്ച് നിർമിച്ച ഹോട്ടലുകളും വ്യാപാരശാലകളും, ഇതിൽ ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ചിട്ടുള്ള ശുചിമുറികൾ...എന്നാൽ ഇവിടെ കയറി മൂത്രശങ്ക ഒന്നുതീർത്താൽ നഗരം മൂക്കുപൊത്തും. കാരണം ആർഭാടങ്ങൾക്കപ്പുറം സ്ഥാപനങ്ങളുടെ സെപ്ടിക് ടാങ്കിൽ നിന്ന് മലിനജലം നഗരത്തിലേക്കാണ് ഒഴുകിയെത്തുന്നത്. വിവിധ സ്ഥാപനങ്ങളിലെ വിസർജ്ജ്യങ്ങൾ പാതയോരത്തെ ഓടയിലേക്ക് പൈപ്പിലൂടെ ഒഴുക്കുകയാണ്. നഗരത്തിലാകെ ദുർഗന്ധം രൂക്ഷമാക്കി വൈകുന്നേരങ്ങളിലാണ് ഈ ഹീനകൃത്യം. കുരിശുകവല, ദീപാ ജംഗ്ഷൻ, എസ്.സി.എസ് ജംഗ്ഷൻ, സ്വകാര്യ ബസ് സ്റ്റാൻഡ്, വൈ.എം.സി.എ എന്നിവിടങ്ങളിലെല്ലാം മാലിന്യം വമിക്കുന്നു. അടുത്തകാലത്ത് നഗരത്തിലെ ഓടകളെല്ലാം മണ്ണും ചെളിയും നീക്കി വൃത്തിയാക്കിയതാണ്. ഇതിനുശേഷവും മാലിന്യങ്ങൾ ഓടകളിലേക്ക് ഒഴുക്കിവിടുന്ന പതിവ് തുടരുകയാണ്. പൊതുജനങ്ങളെയും യാത്രക്കാരെയും വ്യാപാരികളെയുമെല്ലാം ഒരേപോലെ ബുദ്ധിമുട്ടിക്കുന്ന ഇത്തരം സാമൂഹ്യവിരുദ്ധർക്കെതിരെ നടപടിയെടുക്കാനും അധികൃതർ തയ്യാറാകുന്നില്ല. ചില വാണിജ്യ സ്ഥാപനങ്ങളും ഹോട്ടൽ ഉടമകളും മറ്റും ചെയ്യുന്ന ഈ ദുഷ്‌ചെയ്തികൾ കാരണം മറ്റുള്ള വ്യാപാരികളും പഴികേൾക്കേണ്ടി വരുകയാണ്.
മറയില്ലാതെ കുരിശുകവലയിലും
കുരിശുകവലയിലെ ഒരു ഹോട്ടൽ അധികൃതർ പരസ്യമായാണ് പകൽ നേരത്തും ഓടയിലേക്ക് മാലിന്യം ഒഴുക്കുന്നത്. ഇവിടുത്തെ മാലിന്യവും വെള്ളവും മേൽമൂടിയില്ലാത്ത ഓടയിൽ കെട്ടിക്കിടന്ന് നിറയെ പുഴുക്കളും കൊതുകുശല്യവും രൂക്ഷമാണ്. മാരകരോഗങ്ങൾ പിടിപെടുമോയെന്ന ഭീതിയിലാണ് സമീപത്തെ കച്ചവടക്കാർ. ദുർഗന്ധം കാരണം സമീപത്തെ ഓട്ടോ സ്റ്റാൻഡിലും നിൽക്കാൻ കഴിയാത്ത സ്ഥിതിയാണ്. പലതവണ പരാതി നൽകിയിട്ടും ഹോട്ടലുകാരും മുൻസിപ്പൽ അധികൃതർ മൗനം പാലിക്കുകയാണ്. ചന്ദനത്തിരി കത്തിച്ചുവച്ചാണ് വ്യാപാരികൾ ഇവിടെ കച്ചവടം നടത്തുന്നത്. ചക്കുളത്തുകാവിലെ പൊങ്കാലയ്ക്ക് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. നഗരത്തിലെ റോഡിൽ ഓടയ്ക്ക് അരികിലും മുകളിലുമൊക്കെ പൊങ്കാലയിടാൻ ഭക്തജനങ്ങൾ സ്ഥാനം പിടിക്കാറുണ്ട്. ഇതൊക്കെ അറിയാവുന്ന അധികൃതർ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
മാലിന്യം സംസ്‌കരിക്കാനും മാർഗമില്ല
നഗരത്തിലെ ഹോട്ടലുകളിലും ഫ്‌ളാറ്റുകളിലും മറ്റു സ്ഥാപനങ്ങളിലുമൊക്കെ മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കണമെന്ന് നഗരസഭാ അധികൃതർ കർശന നിർദ്ദേശം നൽകിയിട്ട് ഏറെ നാളായി. എന്നാലിപ്പോഴും പ്ലാന്റ് സ്ഥാപിച്ചിട്ടില്ലാത്ത സ്ഥാപനങ്ങളാണ് ഏറെയും. ഇക്കാര്യങ്ങൾ പരിശോധിക്കാനോ നടപടി സ്വീകരിക്കാനോ അധികൃതർ തയ്യാറാകുന്നില്ല.
ഹോട്ടലുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും രഹസ്യമായി വലിയ കുഴലുകൾ സ്ഥാപിച്ചാണ് മാലിന്യങ്ങളെല്ലാം പൊതുനിരത്തിലെ ഓടകളിലേക്ക് ഒഴുക്കുന്നത്. പലയിടത്തും മാലിന്യങ്ങൾ ഒഴുകിപ്പോകാതെ കെട്ടിക്കിടക്കുന്നു. മഴയില്ലാത്തപ്പോൾ രൂക്ഷദുർഗന്ധമാണ് അനുഭവപ്പെടുന്നത്.