sabarimala

ശബരിമല : പ്രളയവും ശബരിമല യുവതി പ്രവേശനവും സൃഷ്ടിച്ച പ്രതിസന്ധി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സാമ്പത്തിക അടിത്തറയെ ബാധിക്കുന്നു. ബോർഡിന്റെ നിലനില്പിന് പ്രധാനമായും ആശ്രയിക്കുന്നത് ശബരിമലയിലെ വരുമാനത്തെയാണ്. കാണിക്കയിൽ ഉണ്ടായ ഗണ്യമായ കുറവിനൊപ്പം ലേലങ്ങളിലൂടെ ലഭിക്കേണ്ട കോടികളും നഷ്ടമാകുകയാണ്. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ടുള്ള നിരവധി ക്ഷേത്രങ്ങളുടെ കാര്യത്തിലും ഇൗ അനിശ്ചിതത്വമുണ്ട്. ബോർഡിന്റെ സാമ്പത്തിക സൂക്ഷിപ്പുകാരായ ധനലക്ഷ്മി ബാങ്കിന്റെ കണക്കനുസരിച്ച് പ്രളയം മുതൽ ഇതുവരെ വരുമാനത്തിൽ 30 ശതമാനത്തിന്റെ കുറവുണ്ട്. 1236 ക്ഷേത്രങ്ങളാണ് ബോർഡിന്റെ കീഴിലുള്ളത്. ഇതിൽ ചെറുതും വലുതുമായ 127 ക്ഷേത്രങ്ങളാണ് സ്വയംപര്യാപ്തമായവ. കൊട്ടാരക്കര, പട്ടാഴി, തൃക്കടവൂർ തുടങ്ങി പത്തോളം ക്ഷേത്രങ്ങളിലെ വരുമാനം അവിടെ തന്നെ വിനിയോഗിക്കണമെന്ന് നിബന്ധനയുണ്ട്. ജീവനക്കാരുടെ ശമ്പളം, പെൻഷൻ, മറ്റ് ആനുകൂല്യങ്ങൾ എന്നിവയ്ക്ക് പുറമേ വരുമാനമില്ലാത്ത മറ്റ് ക്ഷേത്രങ്ങളുടെ നിത്യനിദാന ചെലവുകൾക്കും പണം കണ്ടെത്തുന്നത് ശബരിമലയിൽ നിന്നുള്ള വരുമാനത്തിൽ നിന്നാണ്.

12 കോടിയുടെ കുറവ്

പ്രളയം മുതൽ തുടർന്ന പ്രതിസന്ധിയിലൂടെ 12 കോടിയോളം രൂപയുടെ വരുമാന നഷ്ടമാണുള്ളത്. മുൻവർഷങ്ങളെ അപേക്ഷിച്ച് ചിത്തിര ആട്ടവിശേഷത്തിനായി പത്തിരട്ടിയിലധികം തീർത്ഥാടകർ കഴിഞ്ഞ ദിവസം ശബരിമലയിൽ എത്തിയെങ്കിലും അപ്പം, അരവണ വില്പനയിലൂടെയും വിവിധ പൂജകൾക്കുമായി ലഭിച്ചത് 28 ലക്ഷം രൂപ മാത്രമാണ്. വഞ്ചിയിൽ ലഭിച്ച കാണിക്ക മാത്രമാണ് എണ്ണി തിട്ടപ്പെടുത്താനുള്ളത്.

ലേലം ചെയ്തത് 90 കടമുറികൾ

ലേലങ്ങളിലൂടെ ലഭിക്കേണ്ട വരുമാനത്തിലും ഗണ്യമായ ഇടിവ് ഉണ്ടായി. 220 കടമുറികളാണ് ശബരിമല, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലായുള്ളത്. ഇതിൽ പ്രളയത്തിൽ തകർന്നവയുമുണ്ട്. തീർത്ഥാടനത്തിന് നടതുറക്കാൻ ഇനി ദിവസങ്ങൾ ശേഷിക്കേ 90 കടമുറികൾ മാത്രമാണ് ലേലത്തിൽ പോയത്. ഇ - ടെൻഡർ വഴി ലേലമെടുത്ത പലരും ഇപ്പോഴത്തെ പ്രതിസന്ധികാരണം ഒഴിവാക്കി തരണമെന്ന അപേക്ഷയുമായി ബോർഡിനെ സമീപിച്ചിട്ടുണ്ട്. ഇന്നലെ നടന്ന ലേലത്തിൽ പോയ ഏഴ് കടമുറികളും കഴിഞ്ഞ സീസണെക്കാൾ 15 ശതമാനം കുറഞ്ഞ തുകയ്ക്കാണ് ഉറപ്പിച്ചത്. ശേഷിക്കുന്നവ 14ന് തുറന്ന ലേലത്തിലൂടെ നൽകാൻ ദേവസ്വം ബോർഡ് നിർബന്ധിതരായിരിക്കുകയാണ്. ഇതുവഴിയും കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടാകുക. പുഷ്പാഭിഷേകം ഇക്കുറി 1.68 കോടി രൂപയ്ക്ക് ലേലത്തിനെടുത്ത കരാറുകാരനും ഒഴിവാക്കണമെന്ന ആവശ്യവുമായി ദേവസ്വം ബോർഡിന് കത്തുനൽകിയിട്ടുണ്ട്. പ്രതിസന്ധി തുടരുന്നതിനാൽ തീർത്ഥാടകരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാകുമെന്ന ഭീതിയിലാണ് വ്യാപാരികൾ.