cgnr-mithrapuzha-kadavu

ചെങ്ങന്നൂർ:ശബരിമല തീർത്ഥാടനം ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം ശേഷിക്കേ തീർത്ഥാടകർ ഏറെ ആശ്രയിക്കുന്ന പമ്പാനദിയിലെ മിത്രപ്പുഴകടവിലെ തകർന്ന സുരക്ഷാവേലിയുടെ പുനർനിർമ്മാണം ജലസേചനവകുപ്പ് തുടങ്ങിയില്ല. ടെൻഡർ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയെങ്കിലും പണി തുടങ്ങാത്തത് തീർത്ഥാടകരെ ദുരിതത്തിലാക്കും.ഇറിഗേഷൻ വകുപ്പിനാണ് നിർമ്മാണ ചുമതല. 10 ലക്ഷം രൂപയും അനുവദിച്ചിരുന്നു.
മണ്ഡലകാലം ആരംഭിക്കുന്നതോടെ ആയിരക്കണക്കിന് തീർത്ഥാടകരാണ് ഇവിടെ എത്തുന്നത്. കുളിക്കാനിറങ്ങുന്നതിനിടെ അപകടം പതിവായിരുന്നു. തുടർന്നാണ് കടവിൽ സുരക്ഷാവേലി നിർമ്മിച്ചത്. പ്രളയത്തിൽ ഇത് തകരുകയായിരുന്നു. തീർത്ഥാടനകാലം കണക്കിലെടുത്ത് വേഗത്തിൽ നിർമ്മാണം പൂത്തീകരിക്കണമെന്ന് ക്ഷേത്ര ഉപദേശകസമിതിയും ഹൈന്ദവ സംഘടനകളും ആവശ്യപ്പെട്ടെങ്കിലും നടപടികൾ ഇഴഞ്ഞു നീങ്ങുന്നതേയുള്ളു.
തൃപ്പൂത്താറാട്ട് കടവുമായി വേർതിരിക്കുന്ന കൽക്കെട്ട് തകർന്ന് കല്ലും മണ്ണും കടവിലേക്ക് വീണുകിടക്കുകയാണ്. ഇത് വെള്ളത്തിൽ ഇറങ്ങാൻ തടസമാകുന്നു. കടവിന്റെ അടിത്തട്ടിലെ ചെളി നീക്കംചെയ്യാനുണ്ട്. കഴിഞ്ഞ അഞ്ചിന് സജി ചെറിയാൻ എം.എൽ.എ വിളിച്ചുചേർത്ത യോഗത്തിൽ കടവിലെ നിർമ്മാണ പ്രവർത്തനങ്ങൾ അടുത്ത ദിവസംതന്നെ തുടങ്ങുമെന്ന് വകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പു നൽകിയിരുന്നു.

തീർത്ഥാടകർ ഒഴുക്കിൽപ്പെട്ട് അപകടം സംഭവിച്ചതോടെ 2016ലാണ് 30 ലക്ഷം രൂപ ചെലവിൽ സുരക്ഷാവേലി സ്ഥാപിച്ച് കടവ് നവീകരിച്ചത്.

ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് നിർമ്മാണ പ്രവർത്തനങ്ങൾ വൈകാൻ കാരണമെന്നാണ് ഭക്തരുടെ ആരോപണം.

അനുവദിച്ചത് 10 ലക്ഷം, നദിയിൽ ജലനിരപ്പുയർന്നാൽ പണി തടസപ്പെടും.