മല്ലപ്പള്ളി: തിരുവല്ല - മല്ലപ്പള്ളി - ചേലക്കൊമ്പ് റോഡ് നിർമ്മാണം പൂർത്തിയാകുന്നതോടുകൂടി മല്ലപ്പള്ളിയ്ക്ക് പുതിയമുഖം കൈവരും. തിരുവല്ലയിൽ നിന്നും ചേലക്കൊമ്പിൽ നിന്നും സർവ്വേ നടപടികൾ പൂർത്തിയാക്കി. കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനും റോഡിന് ആവശ്യമായ സ്ഥലം കൂടുതലായി ഏറ്റെടുക്കുന്നതിനും അടയാളപ്പെടുത്തലുകൾ നടത്തി. പ്രൈവറ്റ് ബസ് സ്റ്റാൻഡിലേക്ക് കടക്കുന്ന ആനിക്കാട് റോഡിന്റെ ഭാഗത്ത് ചില കടകളും കുരിശടിയും പൂർണമായും ഏറ്റെടുക്കേണ്ടിവരും. തിരുവല്ല റോഡിൽ നിന്ന് ടൗണിലേക്ക് എത്തുന്ന വൺവേ ഭാഗത്തും ഭൂമി ഏറ്റെടുക്കും. തിരുവല്ല റോഡിലെ തീയറ്റർപ്പടിയിൽ നിന്ന് കോട്ടയം റോഡിലെത്തുന്ന ബൈപ്പാസ് റോഡും പഞ്ചായത്ത്പ്പടിയിലൂടെ ടൗണിലെത്തുന്ന പ്രധാന റോഡിലും വികസന പ്രവർത്തനങ്ങൾ ആവശ്യമാണ്. ഇവിടെ ആവശ്യമുള്ള ഭൂമി പൊന്നും വിലയ്ക്ക് ഏറ്റെടുക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഏറെ ഗതാഗത തടസമുള്ള ജംഗ്ഷനുകൾ വീതികൂട്ടി സഞ്ചാര സൗകര്യമൊരുക്കുന്നതോടെ കുന്നന്താനം, പായിപ്പാട് തുടങ്ങിയ സ്ഥലങ്ങളിലെയും ഗതാഗത തടസങ്ങൾക്ക് വിരാമമാകും.