പത്തനംതിട്ട : കളക്ട്രേറ്റ് വളപ്പിൽ മഴവെള്ള സംഭരണിയ്ക്കടുത്ത് കുന്നുകൂടി കിടന്ന മാലിന്യം അധികൃതർ നീക്കം ചെയ്തു. മാലിന്യം നിറയുന്നതിനെക്കുറിച്ച് തിങ്കളാഴ്ച കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. മാലിന്യം കൂടി കിടക്കുന്നതിന് സമീപം റിംഗ് കമ്പോസ്റ്റ് ഉണ്ടെങ്കിലും ഇത്രയധികം മാലിന്യങ്ങൾ സംസ്കരിക്കാൻ സൗകര്യമില്ല. പ്ലാസ്റ്റിക് അടക്കമുള്ളവ ഇതിൽ ഉണ്ടായിരുന്നു. സ്ഥാപനങ്ങളിലെല്ലാം ഗ്രീൻ പ്രോട്ടോക്കോൾ നടപ്പാക്കിയ സാഹചര്യത്തിലാണ് മാലിന്യക്കൂന ദുരിതമായിരുന്നത്. വിവര വിജ്ഞാപന വ്യാപനത്തിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മാലിന്യ സംസ്കരണ പദ്ധതിയായ മുഖത്തിന്റെ ബോർഡ് ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. പദ്ധതി അവതാളത്തിലായി ഉപേക്ഷിച്ചെങ്കിലും ബോർഡ് നീക്കം ചെയ്തിട്ടില്ല. കളക്ട്രേറ്റ് വളപ്പിൽ തുമ്പൂർമൂഴി മോഡൽ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാൻ തീരുമാനമായിട്ടുണ്ട്.