sabarimala

നിലയ്ക്കലിൽ എത്തിയത് 435 സ്വകാര്യ വാഹനങ്ങൾ, 153 വാഹന ഉടമകളെ തിരിച്ചറിഞ്ഞു

പത്തനംതിട്ട: ചിത്തിര ആട്ട വിശേഷത്തിന് സന്നിധാനത്ത് തമ്പടിച്ച പ്രതിഷേധക്കാരെ കണ്ടെത്താൻ പൊലീസ് നടപടി തുടങ്ങി. നട തുറന്ന തിങ്കൾ വൈകിട്ട് മുതൽ ചൊവ്വ വൈകിട്ടു വരെ ഒരേസമയം രണ്ടായിരത്തോളം പ്രതിഷേധക്കാർ സന്നിധാനത്ത് ഉണ്ടായിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്. ഇവരെ കണ്ടെത്താൻ രണ്ടു മാർഗങ്ങളാണ് തേടുന്നത്. നിലയ്ക്കൽ സംഘർഷത്തിൽ ഉൾപ്പെട്ടവരെ തിരിച്ചറിയുന്നതിന് തയ്യാറാക്കിയ ഫാേട്ടോ ആൽബം മാതൃകയാണ് ആദ്യത്തേത്.

തിങ്കളും ചൊവ്വയുമായി നിലയ്ക്കലിൽ 435 സ്വകാര്യ വാഹനങ്ങളിൽ ആളുകൾ എത്തിയിരുന്നു. ചിത്തിര ആട്ടത്തിന് ശബരിമലയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും സ്വകാര്യ വാഹനങ്ങൾ എത്തിയത്. വാഹനങ്ങളുടെ രജിസ്ട്രേഷൻ നമ്പരുകൾ പൊലീസ് ശേഖരിച്ചിരുന്നു. ഇതിൽ 153 വാഹന ഉടമകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. നിലയ്ക്കലിൽ എത്തിയവർ കെ.എസ്.ആർ.ടി.സി ബസുകളിലാണ് പമ്പയ്ക്ക് പോയത്.

പാലക്കാട്, കണ്ണൂർ, കോഴിക്കോട്, കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിൽ നിന്നുള്ളവരാണ് നിലയ്ക്കലിൽ സ്വകാര്യ വാഹനങ്ങളിലെത്തിയത്. ഇതിൽ സംഘപരിവാർ പ്രവർത്തകരുടെ ഉടമസ്ഥതയിലുള്ളതോ, അവർ വാടകയ്ക്ക് എടുത്തതോ ആണ് കൂടുതലും എന്നാണ് നിഗമനം. ഉടമകളെയും വാടകയ്ക്ക് എടുത്തവരെയും ചോദ്യം ചെയ്താൽ സന്നിധാനത്ത് തമ്പടിച്ചവരെ കണ്ടെത്താൻ കഴിയുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.