മല്ലപ്പള്ളി: രേഖകളില്ലാതെ സർവീസ് നടത്തിയ സ്വകാര്യ ബസ് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. ഇന്നലെ വൈകിട്ട് 5.45ന് മല്ലപ്പള്ളി സ്വകാര്യ ബസ് സ്റ്റാൻഡിലാണ് സംഭവം. നികുതി അടയ്ക്കാതെ ചങ്ങനാശേരി - റാന്നി റൂട്ടിൽ സർവ്വീസ് നടത്തിയ കെ.എൽ-17എ 7811 ജീസസ്സ് എന്ന ബസാണ് കസ്റ്റഡിയിലെടുത്തത്. ബസ് നിരത്തിലിറക്കരുതെന്ന് ഗതാഗത വകുപ്പ് ഉടമക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതുവകവെയ്ക്കാതെ ചങ്ങനാശേരിയിൽ നിന്ന് നിറയെ യാത്രക്കാരുമായി റാന്നിയിലേക്കുള്ള യാത്രക്കിടെയാണ് പിടികൂടിയത്. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അജിത് ആൻഡ്രൂസ്, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ സുമോദ് സഹദേവൻ, അജിത് ചന്ദ്രൻ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.