food-exibition

പന്തളം : വാഴപ്പിണ്ടി തോരൻ മുതൽ ഇലയും പച്ചക്കറികളും ഇട കലർത്തി ഉണ്ടാക്കിയ സുന്ദരി പുട്ടുവരെ ഭക്ഷ്യമേളയിൽ നിരന്നപ്പോൾ കുട്ടികൾക്കു മാത്രമല്ല കാഴ്ചക്കാരായി എത്തിയവരുടെയും നാവിൽ കൊതിയൂറി. മങ്ങാരം ഗവ.യു.പി.സ്‌കൂളിലാണ് കുട്ടികളും രക്ഷിതാക്കളും ചേർന്ന് ഭക്ഷ്യ മേളയൊരുക്കിയത്. കുട്ടികളുടെ ശാസ്ത്ര പ്രദർശനവും ഗണിത ശാസ്ത്ര പ്രദർശനവും കരകൗശല പ്രദർശനവുമുണ്ടായിരുന്നു. വിവിധതരം പഴച്ചാറുകൾ, അച്ചാറുകൾ, ഇലതോരൻ, പായസം, പുഴുക്കുകൾ, കറികൾ, പലഹാരങ്ങൾ, കേക്കുകൾ, ഹലുവകൾ തുടങ്ങിയ ഭക്ഷണങ്ങളും മേളയിൽ നിരന്നു. ഭക്ഷണത്തിൽ മായം ചേർക്കുന്നത് കണ്ടെത്താനുള്ള മാർഗം, കാറ്റിൽ നിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന രീതി, ജല സംരക്ഷണി, സോപ്പ് നിർമ്മാണം, പേപ്പറിലും തുണിയിലും ഉണ്ടാക്കുന്ന വസ്തുക്കൾ, പഴയ പാത്രങ്ങൾ, പഴയ കാല വീട്ടുപകരണങ്ങൾ എന്നിവയും പ്രദർശനത്തിലുണ്ടായിരുന്നു. പന്തളം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലസിത മേള ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജിംഗ് കമ്മിറ്റി ചെയർമാൻ ബി.മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പന്തളം നഗരസഭ കൗൺസിലർ ജി.അനിൽകുമാർ, സ്‌കൂൾ പ്രഥമാദ്ധ്യാപിക ഡി.രജിത, സ്‌കൂൾ മാനേജിംഗ് കമ്മിറ്റി അംഗം കെ.എച്ച്.ഷിജു, എസ്. അമീർജാൻ, എസ്. ശ്രീദേവി, ടി.എൻ.കൃഷ്ണപിള്ള എന്നിവർ സംസാരിച്ചു.