ചെങ്ങന്നൂർ: വെണ്മണി കല്യാത്ര ഭുവനേശ്വരി ദേവീക്ഷേത്രത്തിനു നേരേ നടന്ന ആക്രമണത്തിൽ 14 ഡി.വൈ.എഫ്.ഐക്കാർക്കെതിരെ പൊലീസ് കേസെടുത്തു.സംഘർഷവുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങളിലുമായി ഒൻപതുപേർക്കെതിരെ വധശ്രമത്തിനും കേസെടുത്തു. ജില്ലാ പഞ്ചായത്ത് മെമ്പറും ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മറ്റി അംഗവുമായ ജെബിൻ. പി. വർഗ്ഗീസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്യാം കുമാർ എന്നിവർ ഉൾപ്പടെ കണ്ടാലറിയാവുന്ന 14 പേർ കേസിൽ പ്രതികളാണ്. സംഘം ചേർന്ന് ക്ഷേത്ര മുതൽ നശിച്ചതിനാണ് കേസെടുത്തതെന്ന് വെൺമണി പൊലീസ് പറഞ്ഞു. ആക്രമണത്തിനിടെ നടന്ന സംഘർഷത്തിൽ അഞ്ച് ഡി.വൈ.എഫ്.ഐക്കാർക്കും നാല് ആർ.എസ്.എസുകാർക്കും എതിരെ വധശ്രമത്തിന് കേസുണ്ട്. ആർ.എസ്.എസ്. പ്രവർത്തകരായ രാജേഷ്, വിഷ്ണു പ്രസാദ്, അനു മുരളി, ധീരജ് എന്നിവരും ഡി.വൈ.എഫ്.ഐക്കാരായ ജെബിൻ. പി. വർഗ്ഗീസ്, സിബി, അഭിറാം, സിജോ ബാബു, ഷെഫിൻ എന്നിരും പ്രതികളാണ്.
കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് ആർ.എസ്.എസ്, ഡി.വൈ.എഫ്.ഐ സംഘർഷം നിലനിന്നിരുന്നു. പരസ്പരം വീടുകയറി ആക്രമണവും നടന്നു. ആർ.എസ്.എസ് ആക്രമണത്തിൽ പ്രതിഷേധിച്ച് ബുധനാഴ്ച വൈകിട്ട് കല്യാത്ര കവലയിൽ ഡി.വൈ.എഫ്.ഐ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. പ്രകടനമായി വന്ന തങ്ങളെ ക്ഷേത്രത്തിന് മുന്നിൽ നിന്ന ആർ.എസ്.എസ്. പ്രവർത്തകർ ആക്രമിക്കുകയായിരുന്നു എന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആരോപിച്ചു. അതേസമയം ഡി.വൈ.എഫ്.ഐക്കാരാണ് ആക്രമണം നടത്തിയതെന്ന് ആർ.എസ്.എസും ക്ഷേത്ര ഭരണസമിതിയും ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് ഇരുകൂട്ടരും ഇന്നലെ പഞ്ചായത്തിൽ നടത്തിയ ഹർത്താൽ പൂർണ്ണമായിരുന്നു.