തിരുവല്ല: ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി 13ാം വാർഡ് മെമ്പർ അനസൂയാ ദേവി എതിരില്ലാതെ വിജയിച്ചു. ആകെയുള്ള 17 അംഗങ്ങളിൽ 12 പേരുടെ പിന്തുണ നേടിയാണ് വിജയം. മറ്റുള്ള മൂന്നുപേർ വോട്ടു ചെയ്തില്ല. രണ്ടുപേർ വിട്ടുനിന്നു. നിലവിലുണ്ടായിരുന്ന പ്രസിഡന്റ് ഗീത അനിൽ കുമാർ പാർട്ടിയിലുണ്ടായ ചില അഭിപ്രായ ഭിന്നതകളെ തുടർന്ന് രാജിവച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. കോൺഗ്രസിന്റെ 2 ഉം ബി.ജെ.പി യുടെ ഒരംഗവും പങ്കെടുത്തെങ്കിലും ഹാജർ രജിസ്റ്ററിൽ ഒപ്പ് വച്ചില്ല. മുൻ പ്രസിഡന്റ് ഗീത അനിൽ കുമാറിന്, തെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നതിനും അനസൂയാ ദേവിയ്ക്ക് വോട്ടുചെയ്യുന്നതിനും സി.പി.എം വിപ്പ് നല്കിയെങ്കിലും പങ്കെടുത്തില്ല. 17 അംഗ ഭരണസമതിയിൽ സി.പി.എം 9, സി.പി.ഐ 2, ബി ജെ പി 1 കോഡഗ്ര്‌സ് 3, ജനതാദൾ 1,സ്വതന്ത്രൻ1 എന്നതാണ് കക്ഷിനില. അനസൂയാ ദേവി സി പി എം പാർട്ടി അംഗം, ഡി.വൈ.എഫ്.ഐ ബ്ലോക്ക് പഞ്ചായത്ത് അംഗം, വനിതാ വിഭാഗമായ സെമയുടെ ബ്ലോക്ക് കൺവീനർ എന്നീ നിലകളിൽ ചുമതല വഹിക്കുന്നു. ബി.കോം ബിരുദധാരിയാണ്. ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് എന്ന സ്ഥാനവും ഇനി അനസൂയ ദേവിക്കാണ്. വൈസ് പ്രസിഡന്റ് അഡ്വ. രാജീവ്.എൻ, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ, മെമ്പർമാർ ,സെക്രട്ടറി സുജാകുമാരി എന്നിവർ ആശംസ അറിയിച്ചു. കോഓപ്പറേറ്റീവ് അസ്സിസ്റ്റന്റ് രജിസ്ട്രാർ സുജാത എം പി വരണാധികാരിയായിരുന്നു.