മല്ലപ്പള്ളി: മണിമലയാറിന്റെ തീരത്ത് പരിയാരം പുറമ്പോക്കിൽ നിന്ന് അനധികൃതമായി വെട്ടിയ മുളകൾ പഞ്ചായത്ത് പിടിച്ചെടുത്തു. വ്യാഴാഴ്ച വൈകിട്ട് മുളവെട്ടുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ലോറിയിൽ കയറ്റുവാൻ പാകത്തിൽ മുറിച്ചിട്ട മുളകൾ വെട്ടിയവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കീഴ്വായ്പ്പൂര് പൊലീസിൽ പരാതി നൽകി. പൊലീസ് കാവലിൽ സൂക്ഷിച്ച മുളകൾ ഇന്നലെ ഉച്ചയ്ക്ക് പഞ്ചായത്ത് പ്രസിഡൻറ് റെജി ശാമുവേലിന്റെ നേതൃത്വത്തിൽ പരസ്യമായി ലേലം ചെയ്തു. വാശിയേറിയ ലേലത്തിൽ ആറായിരത്തി ഒരുനൂറ് രൂപയ്ക്ക് ലേലം ഉറപ്പിച്ച് നൽകി.
ആറ്റുപുറമ്പോക്കിൽ നിന്ന് മുളകളോ മറ്റ് മരങ്ങളോ വെട്ടുന്നത് നിരോധിച്ചിട്ടുണ്ട്. അതിന് വിപരീതമായി പ്രവർത്തിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കും
പി.കെ. ജയൻ,
പഞ്ചായത്ത് സെക്രട്ടറി