-sabarimala-protest
SABARIMALA PROTEST

പത്തനംതിട്ട: ചിത്തിര ആട്ടവിശേഷ നാളിൽ സന്നിധാനത്ത് ദർശനത്തിന് എത്തിയ 52കാരിയെ തടഞ്ഞതിനും അക്രമം തടയാൻ ശ്രമിച്ച വീട്ടമ്മയുടെ ബന്ധുവിനെ ദേഹോപദ്രവമേൽപ്പിച്ചതിനും ഒാരാളെകൂടി പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം മണർകാട് കാവുംപടിയിൽ വേലൻപറമ്പിൽ ഹരീഷ് ചന്ദ്ര (ഉണ്ണി -18)നെയാണ് അറസ്റ്റ് ചെയ്തത്. റാന്നി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സന്നിധാനത്തെ അക്രമങ്ങളിൽ രണ്ടാമത്തെ അറസ്റ്റാണിത്.ഇലന്തൂർ സ്വദേശി സൂജിനെ (29) ബുധനാഴ്ച്ച അറസ്റ്റ്ചെയ്തിരുന്നു.

ആറ്മാസംപ്രായമുള്ള പേരക്കുട്ടിയുടെ ചോറൂണിന് ശബരിമലയിലെത്തിയ തൃശൂർ സ്വദേശി ലളിതാ രവിയെ (52) തടഞ്ഞതിനും പൊലീസ് സ്റ്റേഷൻ ഉപരോധിച്ചതുൾപ്പടെയുള്ള കേസുകളിൽ പ്രതികളെന്നു സംശയിക്കുന്ന 150പേരുടെ ഫോട്ടോ ആൽബം പൊലീസ് പുറത്തുവിട്ടു. ഫോട്ടോകളിൽ കാണുന്നവരെ തിരിച്ചറിഞ്ഞ് നിയമനടപടികൾ സ്വീകരിക്കാൻ ജില്ലാ പൊലീസ് ചീഫുമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

സന്നിധാനത്ത് അക്രമം നടത്തിയവരെ കണ്ടെത്താൻ പൊലീസ് നടപടി തുടങ്ങിയതായി കേ‌രളകൗമുദി ഇന്നലെ റിപ്പോർട്ടു ചെയ്തിരുന്നു. നിലയ്ക്കലിൽ എത്തിയ വാഹനങ്ങളുടെ രജിസ്ട്രേഷൻ നമ്പരുകളും പരിശോധിച്ചു വരികയാണ്. വാഹന ഉടമകളെ പൊലീസ് ചോദ്യം ചെയ്യും.

>>>>

നിലയ്ക്കൽ സംഘർഷം : മൂന്നുപേർകൂടി അറസ്റ്റിൽ

തുലാമാസ പൂജയ്ക്ക് നട തുറന്ന കഴിഞ്ഞ മാസം 17ന് നിലയ്ക്കലിൽ ഉണ്ടായ സംഘർഷത്തിൽ മൂന്നു പേർ കൂടി അറസ്റ്റിലായി. തിരുവനന്തപുരം പെരിങ്ങമല ആനാട് ചെല്ലിമുക്കിൽ സജീവ് ചെല്ലിമുക്ക് എന്ന സജീവ് കുമാർ (37), കൊല്ലം മൈലം കോട്ടാത്തല കിഴക്ക് കുരീക്കാട്ടിൽ വിഷ്ണു (20), കോട്ടാത്തല കിഴക്ക് അജയ് നിവാസിൽ അഖിൽ കൃഷ്ണൻ (24)എന്നിവരാണ് അറസ്റ്റിലായത്. റാന്നി കോടതി റിമാൻഡ് ചെയ്തു. ഇതോടെ നിലയ്ക്കൽ സംഘർഷത്തിൽ അറസ്റ്റിലായവർ 28 ആയി.