ഇളമണ്ണൂർ: ഇളമണ്ണൂർ എൽ.പി.എസ് ജംഗ്ഷൻ പുത്തൻചന്ത റോഡിന്റെ നിർമ്മാണം അനന്തമായി നീളുന്നതിൽ പ്രതിഷേധം ശക്തം. ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് റോഡിന്റെ വശങ്ങൾ കോൺക്രീറ്റ് ചെയ്ത് വീതി കൂട്ടുന്ന പണികൾ തുടങ്ങിയിട്ട് മാസങ്ങളായി. കുറച്ച് ഭാഗത്ത് കോൺക്രീറ്റ് ചെയ്തെങ്കിലും ഭൂരിഭാഗവും മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് വെട്ടിപൊളിച്ചിട്ട നിലയിലാണ്. നിർമാണത്തിനായി റോഡിന്റെ വിവിധ ഭാഗങ്ങളിൽ ഇറക്കിയിട്ടിരിക്കുന്ന മെറ്റൽ നിരന്നതോടെ കാൽനടയാത്ര പോലും ദുഷ്കരമായി. ഇരുചക്ര വാഹന യാത്രികരടക്കം അപകടത്തിൽ പെടുന്നതും പതിവായി. എസ്.ബി.ഐ ശാഖ, എൽ.പി സ്കൂൾ, യു.പി സ്കൂൾ, സ്വകാര്യ ധനകാര്യ സ്ഥാപനം, ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രം, മൃഗാശുപത്രി എന്നിവിടങ്ങളിലേക്ക് എത്താൻ നിരവധി ആളുകൾ ഇൗ റോഡിനെ ആശ്രയിക്കുന്നു. മൃഗാശുപത്രി കെട്ടിടത്തിലേക്കുള്ള പ്രവേശന കവാടത്തിന് മുന്നിൽ വലിയ കുഴികൾ എടുത്തിട്ട് മാസങ്ങളായി.
പഞ്ചായത്തും ജില്ലാ പഞ്ചായത്തും രണ്ട് തട്ടിൽ
റോഡിന്റെ തുടക്ക ഭാഗത്ത് ഇരുവശവും കോൺക്രീറ്റ് ചെയ്തെങ്കിലും എട്ട് പോസ്റ്റുകൾ റോഡിലേക്ക് ഇറങ്ങിയാണുള്ളത്. പോസ്റ്റ് നീക്കുന്നതിൽ പഞ്ചായത്തിനും ജില്ലാ പഞ്ചായത്തിനും രണ്ട് അഭിപ്രായമാണുള്ളത്. പോസ്റ്റ് നീക്കേണ്ടത് പഞ്ചായത്താണെന്ന് ജില്ലാ പഞ്ചായത്തഗവും, അതല്ല ജില്ലാ പഞ്ചായത്ത് പണം മുടക്കി നിർമ്മിക്കുന്ന റോഡിൽ പണം ചെലവഴിച്ച് പോസ്റ്റ് നീക്കിയിടുവാൻ സാധിക്കില്ലന്ന് പഞ്ചായത്തും ന്യായങ്ങൾ നിരത്തിയതോടെ
വഴിമുടങ്ങുകയാണ്.
റോഡിന്റെ തകർച്ച ഓട്ടോറിക്ഷാ ഡ്രൈവർമാർക്ക് ഏറെ ദുരിതമാണ് സമ്മാനിക്കുന്നത്. തകർന്ന റോഡിലെ യാത്ര വാഹനങ്ങളുടെ കേടുപാടുകൾക്ക് കാരണമാകുന്നു.
രാജേന്ദ്രൻ (ഓട്ടോ ഡ്രൈവർ)